വാഷിംഗ്ടണ്‍: യുഎസിലേയ്ക്കുള്ള എച്ച് വണ്‍ ബി, എച്ച് ഫോര്‍ വീസ അപേക്ഷകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഉള്‍പ്പെട പരിശോധിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ നിലവിലുളള നിരവധി അഭിമുഖ തീയതികള്‍ റദ്ദാക്കി. ഈ രണ്ടു വിഭാഗത്തിലേയ്ക്കും അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ബന്ധ സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗ് ഡിസംബര്‍ 15 മുതല്‍ നടപ്പാക്കുമെന്നു യുഎസ് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പല വീസ അപ്പോയ്്ന്‍മെന്റുകളും റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകള്‍ നല്കിയിട്ടുള്ളത്.
ഇന്ത്യയില്‍ ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ യുഎസ് കോണ്‍സുലേറ്റുകളില്‍ ഡിസംബര്‍ അവസാനം വരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അഭിമുഖ സ്ലോട്ടുകള്‍ റദ്ദാക്കിയതായി മൈഗ്രേഷന്‍ അഭിഭാഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല അഭിമുഖങ്ങളും മാസങ്ങളോളം മാറ്റിവെച്ചിട്ടുണ്ട്. 2026 മാര്‍ച്ച് വരെ അഭിമുഖങ്ങളില്‍ പലതും നീട്ടിവെച്ചു. പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ ഉള്‍പ്പെടെ ഇതില്‍ പെടുന്നുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാഎച്ച് വണ്‍ ബി വിസാ ഉടമകളും അവരുടെ എച്ച് ഫോര്‍ വിസാ ആശ്രിതരും ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധിത സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗിന് വിധേയരാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ സൂക്ഷ്മപരിശോധനക്ക് അപേക്ഷകര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ‘പൊതു’ ക്രമീകരണങ്ങളിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തില്‍ വിദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന ഏതെങ്കിലും വിദേശ പൗരന്‍ അടിയന്തിര സാഹചര്യത്തിലല്ലാതെ വിദേശ യാത്ര നടത്തരുതെന്നു ഇമിഗ്രേഷന്‍ നിയമ സ്ഥാപനങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു.
Many H-1B, H-4 visa appointments cancelled as new social media review is set to kicks in













