തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: അധിക്ഷേപ പരാമർശം തിരുത്തി എം.എം. മണി; ‘തെറ്റുപറ്റി, പാർട്ടി നിലപാട് അംഗീകരിക്കുന്നു’

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: അധിക്ഷേപ പരാമർശം തിരുത്തി എം.എം. മണി; ‘തെറ്റുപറ്റി, പാർട്ടി നിലപാട് അംഗീകരിക്കുന്നു’

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.ഐ.എം. നേതാവ് എം.എം. മണി. തനിക്ക് തെറ്റുപറ്റിയെന്നും, ഇന്നലത്തെ സാഹചര്യത്തിൽ അങ്ങനെ പ്രതികരിച്ചുപോയതാണെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. താൻ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച പാർട്ടിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും എം.എം. മണി വ്യക്തമാക്കി. ‘നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, നല്ല ശാപ്പാടും അടിച്ചു, എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു. ഇതിനൊക്കെ പറയുന്നത് വേറെ പേരാണ്’ എന്നായിരുന്നു മണി നടത്തിയ വിവാദ പരാമർശം.

ഈ പ്രസ്താവനക്കെതിരെ എൽ.ഡി.എഫിൽ നിന്നും വലിയ വിമർശനമുയർന്നിരുന്നു. മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള നേതാക്കൾ പരസ്യമായി വിമർശനവുമായി രംഗത്തെത്തി. കൂടാതെ, സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ഗവാസ്, എം.എം. മണിയുടെ പ്രസ്താവന ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നും ഉടൻ തിരുത്തുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു. എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വിവാദ പരാമർശം.

തോൽവി എന്തുകൊണ്ട് എന്ന് പാർട്ടി പരിശോധിക്കുമെന്നും, തിരുത്തൽ നടപടി സ്വീകരിക്കുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു. തോറ്റെന്ന് പറഞ്ഞ് വിഷമിച്ചിരിക്കില്ലെന്നും, മുണ്ട് മുറുക്കിക്കെട്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. “തോൽവി പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട്, വിലയിരുത്തിയിട്ടുമുണ്ട്. തോറ്റാലും മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്” എന്നും അദ്ദേഹം പ്രതികരിച്ചു.

Share Email
Top