പനാജി: ഗോവയിലെ നിശാക്ലബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ലബിന്റെ സഹ ഉടമകളില്‍ ഒരാള്‍ അറസ്റ്റില്‍. ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നിശാ ക്ലബ്ബിന്റെ നാല് സഹ ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെയാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
ദുരന്തമുണ്ടായതിനു ശേഷം ഒളിവിലായിരുന്ന ഗുപ്തയെ ലുക്ക്-ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നിശാ ക്ലബ് ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെ അറസ്റ്റ് ചെയതതായും കേസില്‍ പിടിയിലാകുന്ന ആറാമത്തെ വ്യക്തിയാണ് ഇദ്ദേഹമെന്നും ഗോവ പോലീസ് വക്താവ് ചൊവ്വാഴ്ച രാത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഡിസംബര്‍ 7-ന് തീപിടിത്തം ഉണ്ടായതിന് ശേഷം നിശാ ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജീവ് സിന്‍ഹാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍, ജീവനക്കാരന്‍ ഭരത് കോഹ്ലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു സഹ ഉടമയായ സുരീന്ദര്‍ കുമാര്‍ ഖോസ്ലയ്ക്ക് വേണ്ടി ലുക്ക്-ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചച്ചു. മറ്റ് രണ്ട് ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര സഹോദരങ്ങള്‍ തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് കടന്നു. ഇവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
നൈറ്റ് ക്ലബ്ബില്‍ തീപിടിത്തമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ലുത്ര സഹോദന്‍മാര്‍ ഡല്‍ഹിയില്‍ നിന്ന് ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടിരുന്നു.അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വാഗേറ്റര്‍ ബീച്ചിലെ മറ്റൊരു റോമിയോ ലെയ്ന്‍ സ്ഥാപനവും അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതായും കണ്ടെത്തി. മുഖ്യമന്ത്രി പ്രമോദ് സാവന്റിന്റെ ഉത്തരവനുസരിച്ച് ഈ കെട്ടിടം ചൊവ്വാഴ്ച ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി.
Nightclub fire in Goa that killed 25 people: One of the club’s co-owners arrested













