കൊളംബോ: ‘ദിത്വ’ ചുഴലിക്കാറ്റിനേ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തി. മെഡിക്കൽ സാമഗ്രികൾ, ഭക്ഷണപ്പൊതികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ കാർട്ടണുകളിൽ പലതിനും കാലാവധി കഴിഞ്ഞിരുന്നതായി കണ്ടെത്തിയതോടെ കൊളംബോ ഇസ്ലാമാബാദിനെ ഔദ്യോഗികമായും അനൗദ്യോഗികമായും അതൃപ്തി അറിയിച്ചു.
ദുരിതാശ്വാസ സാമഗ്രികളുടെ പെട്ടികളിൽ “EXP: 10/2024” (കാലാവധി: 2024 ഒക്ടോബർ) എന്ന് രേഖപ്പെടുത്തിയ ലേബലുകൾ ഉണ്ടായിരുന്നു. ഇത് ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ദുരന്തനിവാരണ വിഭാഗത്തിലും വിദേശകാര്യ വകുപ്പിലും ആശങ്ക അറിയിച്ചു.
പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഈ സഹായത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ ജനങ്ങളും വിമർശനവുമായി രംഗത്തെത്തി. “ചവറ്റുകുട്ടയിൽ കളയുന്നതിന് പകരം, പാകിസ്ഥാൻ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ പ്രളയബാധിത ശ്രീലങ്കയിലേക്ക് അയച്ചു” എന്ന് ഒരാൾ കമൻ്റ് ചെയ്തു.
ദുരന്തസമയത്ത് സഹായം അയക്കുന്നതിലെ പാകിസ്ഥാന്റെ ഈ നടപടി ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് കൊളംബോയിലെ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശത്ത് നിന്ന് വരുന്ന എല്ലാ ദുരിതാശ്വാസ സാമഗ്രികളും കർശനമായി പരിശോധിക്കാൻ ശ്രീലങ്കൻ അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്. സംഭവം വലിയ നാണക്കേടായതിന് പിന്നാലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ നേരത്തെ പങ്കുവെച്ച പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
നേരത്തെ, 2015-ലെ നേപ്പാൾ ഭൂകമ്പസമയത്ത് ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിലേക്ക് പാകിസ്ഥാൻ ബീഫ് ചേരുവയുള്ള റെഡി-ടു-ഈറ്റ് ഭക്ഷണപ്പൊതികൾ അയച്ചത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.













