സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യുന്നതിനായി തലശേരിയില്‍ ട്രെയിന്‍ തടഞ്ഞ യുവാക്കളെ പോലീസ് പിടികൂടി

സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യുന്നതിനായി തലശേരിയില്‍ ട്രെയിന്‍ തടഞ്ഞ യുവാക്കളെ പോലീസ് പിടികൂടി

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ തടഞ്ഞ് റീല്‍സ് എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ ചെയ്യുന്നതിനായി അപകട സിഗ്നല്‍ കാണിച്ച് ട്രെയിന്‍ തടഞ്ഞ രണ്ടു യുവാക്കളെയാണ് ആര്‍.പി.എഫ് പിടികൂടിയത് . വ്യാഴാഴ്ച പുലര്‍ച്ചെ 1.50-ഓടെ എറണാകുളം-പുണെ എക്‌സ്പ്രസ് തലശേരി സ്റ്റേഷന്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.

ട്രാക്കിന് സമീപം നിന്ന് യുവാക്കള്‍ ചുവന്ന വെളിച്ചം മിന്നിക്കുന്നത് കണ്ട് അപകടസൂചനയാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ വേഗത കുറയ്ക്കുകയും നിര്‍ത്തുകയുമായിരുന്നു.

ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫ് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. ട്രെയിന്‍ നിര്‍ത്തുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

18 വയസ്സുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പിടിയിലായതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. റീല്‍സ് ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

റെയില്‍വേ ട്രാക്കുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ട്രെയിന്‍ അനാവശ്യമായി നിര്‍ത്തുന്നത് വലിയ നിയമക്കുരുക്കുകള്‍ക്കും ശിക്ഷകള്‍ക്കും ഇടയാക്കും. ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് റെയില്‍വേയുടെ തീരുമാനം. യുവാക്കള്‍ക്കെതിരെ റെയില്‍വേ നിയമപ്രകാരം ശക്തമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Police arrest youth who blocked train in Thalassery to make reels on social media

Share Email
LATEST
More Articles
Top