തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ബലാൽസംഗ കേസിൽ അറസ്റ്റ് തടയാനുള്ള അപേക്ഷ തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. നിലവിൽ ഹൈക്കോടതിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ കേസിൽ ഇടക്കാല സംരക്ഷണം നേടിയിട്ടുണ്ട്.
രണ്ടാമത്തെ കേസിൽ പ്രോസിക്യൂഷൻ നിലപാട് തേടിയ കോടതി, അറസ്റ്റിന് തടസ്സമില്ലെന്ന് അറിയിച്ചു. ഇതോടെ, എം.എൽ.എയുടെ അറസ്റ്റിന് അന്വേഷണ സംഘത്തിന് മുന്നിൽ തടസ്സങ്ങളില്ലാതായി. കേസിന്റെ ഗൗരവം പരിഗണിച്ച്, മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ആദ്യ കേസിൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് രണ്ടാമത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫാസ്റ്റ്ട്രാക്ക് കോടതിയിലും ഹർജി നൽകിയത്. ലൈംഗിക പീഡനം, ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ഒളിവിലുള്ള രാഹുലിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടരുകയാണ്.













