മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് തിങ്കളാഴ്ച യുക്രെയ്ൻ നടത്തിയെന്ന് പറയപ്പെടുന്ന ഡ്രോൺ ആക്രമണത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഇതിന്റെ തെളിവായി ഡ്രോൺ അവശിഷ്ടങ്ങൾക്ക് സമീപം നിൽക്കുന്ന സൈനികന്റെ വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തിങ്കളാഴ്ച പുലർച്ചെ പുടിൻ തന്നെ വിളിച്ച് ഈ ആക്രമണത്തെക്കുറിച്ച് പറഞ്ഞതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. പുടിന്റെ വാക്കുകൾ താൻ വിശ്വസിക്കുന്നുവെന്ന് ആദ്യം സൂചിപ്പിച്ച ട്രംപ്, എന്നാൽ ഇങ്ങനെയൊരു ആക്രമണം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പിന്നീട് സംശയം പ്രകടിപ്പിച്ചു.
റഷ്യയുടെ ഈ അവകാശവാദം വെറും ശ്രദ്ധതിരിക്കൽ മാത്രമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് ബുധനാഴ്ച പറഞ്ഞു. യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും നടത്തുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള മോസ്കോയുടെ ആസൂത്രിത നീക്കമാണിതെന്ന് അവർ എക്സിൽ (X) കുറിച്ചു.
റഷ്യയുടേത് വെറും കെട്ടുകഥയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി ആവർത്തിച്ചു. സമാധാന ചർച്ചകളിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ റഷ്യ നടത്തുന്ന നാടകമാണിതെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. ഈ പുതിയ വിവാദം സമാധാന ചർച്ചകളുടെ വേഗത കുറയ്ക്കാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.













