റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ, പുടിന്റെ സന്ദർശന വേളയിൽ ചർച്ച

റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ, പുടിന്റെ സന്ദർശന വേളയിൽ ചർച്ച

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്ന നിര്‍ണ്ണായക സമയത്താണ് 23-ാമത് ഇന്ത്യാ-റഷ്യ ഉച്ചകോടിക്കായി പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുന്നത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലായിരിക്കും ഇത്തവണ പ്രധാന ശ്രദ്ധ. വന്‍ സഹകരണത്തിന് സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിരവധി മേഖലകളിലെ സഹകരണം വികസിപ്പിക്കാന്‍ സാധ്യതയുണ്ട്. 10 അന്തര്‍-സര്‍ക്കാര്‍ ഉടമ്പടികളും 15 വാണിജ്യ കരാറുകളും ഉള്‍പ്പെടെ ആകെ 25 സുപ്രധാന കരാറുകള്‍ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.

നിലവില്‍ റഷ്യയുമായി ഇന്ത്യക്ക് 59 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍, കെമിക്കലുകള്‍, എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, ഓട്ടോമോട്ടീവ്, കാര്‍ഷിക, സമുദ്രോത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Share Email
Top