തിരുവനന്തപുരം: കേരളത്തിൽ പുതിയ എസ്‌ഐആർ (SIR) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിവിധ കാരണങ്ങളാൽ 24,08,503 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്.
മരിച്ചവർ (6.49 ലക്ഷം), താമസം മാറിയവർ (8.16 ലക്ഷം), കണ്ടെത്താൻ കഴിയാത്തവർ (6.45 ലക്ഷം), ഒന്നിലധികം തവണ പേരുള്ളവർ (1.36 ലക്ഷം) എന്നിങ്ങനെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ കണക്ക്.
കരട് വോട്ടർ പട്ടികയുടെ കോപ്പികൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിൽ പേരുള്ള 2,54,42,352 പേരുടെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ന് മുതൽ അറിയിക്കാവുന്നതാണ്. അർഹരായവർ ഫോം പൂരിപ്പിച്ചു നൽകിയാൽ പേര് ചേർക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഒഴിവാക്കപ്പെട്ടതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം പരാതികൾ ലഭിച്ചാൽ കൃത്യമായി പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 1,86,179 പേർ പട്ടികയിൽ നിന്ന് പുറത്തായി. ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ മാറ്റത്തിന് അനുസൃതമായി 534 പുതിയ ബൂത്തുകൾ കൂടി അനുവദിച്ചിട്ടുണ്ട്.
ജനുവരി 22 വരെ പരാതികളിൽ ഹിയറിങ് നടക്കും. അർഹരായ പുതിയ വോട്ടർമാർക്ക് നാളെ മുതൽ പേര് ചേർക്കാനും അവസരമുണ്ട്.











