തിരുവനന്തപുരം: നഗരസഭാ മേയറായി ചുമതലയേറ്റതിന് പിന്നാലെ മുൻ ഡിജിപി ആർ. ശ്രീലേഖയെ വീട്ടിലെത്തി കണ്ട് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇന്ന് രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്നും മടങ്ങിയത് വലിയ ചർച്ചയായിരുന്നു.
മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിന്നിരുന്ന തർക്കങ്ങളിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം. തനിക്ക് വാഗ്ദാനം ചെയ്തിരുന്ന മേയർ സ്ഥാനം അവസാന നിമിഷം വി.വി. രാജേഷിലേക്ക് എത്തിയതും ഡെപ്യൂട്ടി മേയർ പദവി താൻ നിരസിച്ചതും ശ്രീലേഖയെ അകൽച്ചയിലാക്കിയെന്നാണ് സൂചന. എന്നാൽ, മുതിർന്ന നേതാക്കളെയും പാർട്ടിയിലെ പ്രമുഖരെയും കാണുന്നതിന്റെ ഭാഗമായുള്ള സൗഹൃദ സന്ദർശനം മാത്രമാണിതെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബിജെപി ഭരണമുറപ്പിച്ചപ്പോൾ മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖയുടെ പേരായിരുന്നു ആദ്യം ഉയർന്നുകേട്ടിരുന്നത്. എന്നാൽ രാഷ്ട്രീയ പരിചയമുള്ള ഒരാൾ വരണമെന്ന ആർഎസ്എസ് നിലപാടും കൗൺസിലർമാർക്കിടയിലെ അഭിപ്രായവും രാജേഷിന് തുണയാവുകയായിരുന്നു. വരും ദിവസങ്ങളിൽ ശ്രീലേഖയെ സജീവ രാഷ്ട്രീയത്തിൽ നിലനിർത്താനും ഉചിതമായ പദവികൾ നൽകാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.













