വാഷിംഗ്ടൺ: തനിക്ക് നടത്തിയ എംആർഐ സ്കാനിന്‍റെ ഫലങ്ങൾ പരസ്യമാക്കാൻ തയാറാണെന്ന് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. എന്നാൽ ഏത് ശരീരഭാഗമാണ് പരിശോധിച്ചതെന്ന് തനിക്ക് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
“അവർക്ക് അത് പുറത്തുവിടണമെങ്കിൽ ഞാൻ തടസ്സം സൃഷ്ടിക്കില്ല. അത് വളരെ മികച്ചതായിരിക്കും,” ട്രംപ് പറഞ്ഞു.
ഏത് ഭാഗമാണ് സ്കാൻ ചെയ്തതെന്ന ചോദ്യത്തിന് അദ്ദേഹം വിചിത്ര മറുപടിയാണ് നൽകിയത്. “എനിക്ക് ഒരു ഐഡിയയുമില്ല. സാധാരണ ഒരു എംആർഐ മാത്രമായിരുന്നു അത്. ശരീരത്തിന്‍റെ ഏത് ഭാഗം? തലച്ചോറല്ല, കാരണം ഞാൻ കോഗ്നിറ്റീവ് ടെസ്റ്റ് എടുത്ത് അതിൽ മികച്ച രീതിയിൽ വിജയിച്ചിട്ടുണ്ട്.” – ട്രംപ് പറഞ്ഞു. താങ്ക്സ്ഗിവിംഗ് ദിനത്തിൽ ട്രൂത്ത് സോഷ്യലിൽ മിനസോട്ട ഗവർണർ ടിം വാൾസിനെതിരെ സോമാലി സമുദായത്തോടുള്ള പെരുമാറ്റം ചൂണ്ടിക്കാട്ടി ട്രംപ് ഒരു പരിഹാസം നടത്തിയിരുന്നു.
അതിന് മറുപടിയായി എംആർഐ ഫലം പുറത്തുവിടണമെന്ന് വാൾസ് ആവശ്യപ്പെട്ടതാണ് ട്രംപിന്റെ ഈ പ്രതികരണത്തിന് പിന്നിൽ. “ലോകചരിത്രത്തിൽ എംആർഐ എടുത്ത ശേഷം എന്തിനാണ് എടുത്തതെന്ന് അറിയാത്ത മറ്റൊരാളുണ്ടോ?” എന്ന് വാൾസ് പിന്നീട് എൻബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ ചോദിച്ചു.
ഒക്ടോബറിൽ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ താൻ എംആർഐ എടുത്തുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസ് ആ സന്ദർശനത്തെ പ്രസിഡന്റിന്റെ റെഗുലർ വാർഷിക ആരോഗ്യപരിശോധനയുടെ ഭാഗമാണെന്നാണ് അന്ന് വിശദീകരിച്ചത്. എന്നാൽ ട്രംപിന്റെ ഔദ്യോഗിക വാർഷിക ഫിസിക്കൽ പരിശോധന ഏപ്രിലിലാണ് നടന്നത്.













