വെനസ്വേലയ്ക്കെതിരെ നീക്കം ശക്തമാക്കി അമേരിക്ക; പ്രധാന കേന്ദ്രം തകർത്തതായി ട്രംപിന്റെ വെളിപ്പെടുത്തൽ

വെനസ്വേലയ്ക്കെതിരെ നീക്കം ശക്തമാക്കി അമേരിക്ക; പ്രധാന കേന്ദ്രം തകർത്തതായി ട്രംപിന്റെ വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: വെനസ്വേലയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഒരു പ്രധാന കേന്ദ്രം അമേരിക്ക തകർത്തതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെളിപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ജോൺ കാറ്റ്സിമാറ്റിഡിസ് നയിക്കുന്ന റേഡിയോ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്. കപ്പലുകൾ വരികയും പോവുകയും ചെയ്യുന്ന വെനസ്വേലയിലെ ഒരു വലിയ പ്ലാന്റ് അല്ലെങ്കിൽ കേന്ദ്രം രണ്ട് രാത്രികൾക്ക് മുൻപ് അമേരിക്ക തകർത്തുവെന്നും അവർക്ക് ശക്തമായ പ്രഹരമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ നീക്കത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ നടപടി. കള്ളക്കടത്ത് ബോട്ടുകൾ തകർക്കുന്നതും എണ്ണക്കടത്ത് തടയുന്നതും ഉൾപ്പെടെയുള്ള നടപടികൾ അമേരിക്ക നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ട്രംപിന്റെ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ഏത് കേന്ദ്രമാണ് തകർത്തതെന്നോ അത് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നോ ഉള്ള കാര്യത്തിലും വ്യക്തതയില്ല.

ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ നൽകുന്ന സൂചന പ്രകാരം മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രമാണ് തകർത്തത്. എന്നാൽ വെനസ്വേലയിൽ ഇത്തരമൊരു വൻ കേന്ദ്രം തകർക്കപ്പെട്ടതായി അവിടുത്തെ മാധ്യമങ്ങളോ സർക്കാരോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി കഴിഞ്ഞ ആഴ്ചകളിൽ മുപ്പതോളം കള്ളക്കടത്ത് ബോട്ടുകൾ തകർത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി വെനസ്വേലൻ മണ്ണിലും ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Share Email
LATEST
Top