വാഷിംഗ്ടൺ/അബുജ: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ സൈനിക ഇടപെടൽ നടത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ക്രിസ്മസ് ദിനത്തിൽ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരരുടെ താവളങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രഖ്യാപിച്ചു.
നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ സോകോട്ടോ സംസ്ഥാനത്തെ ഐസിസ് ക്യാമ്പുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. നൈജറുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്.
യുഎസ് ആഫ്രിക്ക കമാൻഡ് (ആഫ്രികോം) ആണ് ആക്രമണം നിർവഹിച്ചത്. നൈജീരിയൻ അധികൃതരുമായി ഏകോപിച്ചാണ് നീക്കം നടപ്പാക്കിയതെന്ന് ആഫ്രികോം വ്യക്തമാക്കി.
പ്രാഥമിക വിലയിരുത്തലനുസരിച്ച് നിരവധി ഐസിസ് ഭീകരർ കൊല്ലപ്പെട്ടു; ഭീകര താവളങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിന് മുമ്പ് നൈജീരിയൻ വിദേശകാര്യ മന്ത്രി യൂസഫ് തുഗ്ഗർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തിയിരുന്നു. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ പൂർണ അനുമതിയോടെയാണ് ഈ സൈനിക നടപടി സാധ്യമായതെന്ന് തുഗ്ഗർ വെളിപ്പെടുത്തി. നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തിനെതിരായ വിവേചനവും അക്രമങ്ങളും തടയാൻ അമേരിക്ക ഇടപെടണമെന്ന് ട്രംപ് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഈ വ്യോമാക്രമണത്തെ കാണുന്നത്.
എന്നാൽ, നൈജീരിയയിലെ അക്രമങ്ങൾ ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിടുന്നതല്ലെന്നും ഇത് കൂടുതൽ സങ്കീർണമായ സാഹചര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭീകരഗ്രൂപ്പുകൾ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ആക്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.













