വാഷിംഗ്ടൺ: അമേരിക്കയുടെ ഏറ്റവും അടുത്ത ചരിത്രപരമായ സഖ്യകക്ഷികളിൽ ചിലരെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം കാരണം ദുർബലമാവുകയും ക്ഷയിച്ചുകൊണ്ടിരിക്കുകയുമാണ് യൂറോപ്യൻ രാജ്യങ്ങളെന്ന് ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. പൊളിറ്റിക്കോക്ക് നൽകിയ അഭിമുഖത്തിൽ, യൂറോപ്യൻ രാജ്യങ്ങളിൽ ഭൂരിഭാഗവും ക്ഷയിക്കുകയാണ് എന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. “അവർ അവരുടെ രാജ്യങ്ങളെ നശിപ്പിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അവരുടെ പ്രത്യയശാസ്ത്രം മാറാൻ സാധ്യതയുണ്ട്, കാരണം രാജ്യത്തേക്ക് വരുന്ന ആളുകൾക്ക് തീർത്തും വ്യത്യസ്തമായ ഒരു പ്രത്യയശാസ്ത്രമാണുള്ളത്. ഇത് അവരെ കൂടുതൽ ദുർബലരാക്കും, അവർക്ക് വളരെയധികം മാറ്റങ്ങൾ സംഭവിക്കും,” പ്രസിഡൻ്റ് പറഞ്ഞു. പ്രത്യേകിച്ചും, ലണ്ടനിലെ ആദ്യത്തെ മുസ്ലീം മേയറായ സാദിഖ് ഖാനെ ട്രംപ് വിമർശിച്ചു. ഖാന്, അദ്ദേഹത്തിന് വേണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രത്യയശാസ്ത്രമാണ് ഉള്ളത് എന്ന് ട്രംപ് ആരോപിച്ചു. “ധാരാളം ആളുകൾ രാജ്യത്തേക്ക് വന്നതുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്,” ട്രംപ് കൂട്ടിച്ചേർത്തു.













