വാഷിംഗ്ടൺ: യുക്രെയ്നിൽ സമാധാനം ഉറപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രമുഖ യൂറോപ്യൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുമായാണ് ട്രംപ് ചർച്ച നടത്തിയത്. ഈ ആഴ്ചത്തെ തുടക്കത്തിൽ യൂറോപ്യൻ നേതാക്കളെ “ക്ഷയിച്ചുകൊണ്ടിരിക്കുന്നവർ” എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്ക-യൂറോപ്പ് ബന്ധം വഷളാവുന്ന സാഹചര്യത്തിലാണ് ഈ നിർണായക ഫോൺ സംഭാഷണങ്ങൾ.
ബുധനാഴ്ച നടന്ന സംഭാഷണങ്ങൾ പ്രധാനമായും യുക്രെയ്ൻ സമാധാന ശ്രമങ്ങളിലേക്ക് കേന്ദ്രീകരിച്ചിരുന്നതായി പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരു ഉറവിടം സ്ഥിരീകരിച്ചു. റഷ്യയുമായി നിർദേശങ്ങൾ കൈമാറിക്കൊണ്ടിരിക്കെ, മാക്രോൺ, മെർസ്, സ്റ്റാർമർ എന്നീ മൂന്ന് നേതാക്കളും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി ഈ ആഴ്ച ലണ്ടനിൽ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച ‘പൊളിറ്റിക്കോ’ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ചിരുന്നു. “ഉടൻ തന്നെ ഇറങ്ങിവന്ന് കാര്യങ്ങൾ അംഗീകരിച്ച് തുടങ്ങണം” എന്ന് ആവശ്യപ്പെടുകയും തന്റെ വിശദമായ സമാധാന പദ്ധതി സെലെൻസ്കി വായിച്ചിട്ടു പോലുമില്ലെന്ന് ആരോപിക്കുകയും ചെയ്തു.













