വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഫോണിൽ വിളിക്കുമെന്ന് ക്രെംലിൻ സ്ഥിരീകരിച്ചു. സെലൻസ്‌കിയുമായുള്ള സമാധാന ചർച്ചകൾക്ക് തൊട്ടുമുൻപ് ട്രംപ് പുടിനുമായി ഒരു മണിക്കൂറിലധികം സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
അതേസമയം, ട്രംപും സെലൻസ്‌കിയും ചർച്ചയ്ക്ക് ശേഷം നടത്തിയ പരസ്യ പ്രസ്താവനകളിൽ പ്രതികരിക്കാൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു. ചർച്ചാവിഷയങ്ങളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എങ്കിലും, റഷ്യയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി നടപ്പിലാക്കിക്കൊണ്ട് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് അദ്ദേഹം ആവർത്തിച്ചു. ഡോൺബാസ് മേഖലയിൽ നിന്ന് യുക്രെയ്ൻ സൈന്യം പൂർണ്ണമായും പിന്മാറണമെന്ന ആവശ്യത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്.
റഷ്യ ഒരു ‘പ്ലാൻ ബി’ തയ്യാറാക്കണമെന്ന സെലൻസ്‌കിയുടെ നിർദ്ദേശത്തെ പെസ്കോവ് പരിഹാസത്തോടെ തള്ളി. യുക്രെയ്‌നിന് ഓരോ ദിവസവും ഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നാളത്തെ സാഹചര്യം ഇന്നത്തേക്കാൾ മോശമായിരിക്കുമെന്നും ട്രംപ് തന്നെ സെലൻസ്‌കിയെ ഓർമ്മിപ്പിച്ചിട്ടുണ്ടെന്ന് പെസ്കോവ് ചൂണ്ടിക്കാട്ടി. റഷ്യയെ സംബന്ധിച്ചിടത്തോളം നിലവിലെ സൈനിക നീക്കങ്ങൾ തന്നെയാണ് പ്ലാൻ എ-യും ബി-യും സി-യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













