പ്രകൃതിച്ചിത്രങ്ങൾ വേണ്ട, ട്രംപ് ഉണ്ടല്ലോ! ദേശീയോദ്യാനങ്ങളുടെ പ്രവേശന പാസുകളിൽ പ്രസിഡന്‍റിന്‍റെ ചിത്രം, വിവാദം കനക്കുന്നു

പ്രകൃതിച്ചിത്രങ്ങൾ വേണ്ട, ട്രംപ് ഉണ്ടല്ലോ! ദേശീയോദ്യാനങ്ങളുടെ പ്രവേശന പാസുകളിൽ പ്രസിഡന്‍റിന്‍റെ ചിത്രം, വിവാദം കനക്കുന്നു

വാഷിംഗ്ടൻ: അമേരിക്കൻ ദേശീയോദ്യാനങ്ങളുടെ വാർഷിക പ്രവേശന പാസുകളിൽ ഇതുവരെ ഉണ്ടായിരുന്ന മനോഹരമായ പ്രകൃതിച്ചിത്രങ്ങൾക്ക് പകരം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഛായാചിത്രം ഉൾപ്പെടുത്തിയ നടപടിക്കെതിരെ കടുത്ത വിമർശനം ഉയരുന്നു. ഈ മാറ്റം തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ സെൻറർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റി ഫെഡറൽ കോടതിയെ സമീപിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഡിസൈനെതിരെ ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

ദേശീയോദ്യാനങ്ങളുടെ ചുമതല വഹിക്കുന്ന ഡിപ്പാർട്ട്മെന്റ്റ് ഓഫ് ഇൻറീരിയർ അടുത്തിടെ പുറത്തിറക്കിയ പുതിയ പാസ് ഡിസൈനിലാണ് ട്രംപിന്റെ ചിത്രവും ജോർജ് വാഷിംഗ്ടണിന്റെ ചിത്രവും ഉൾപ്പെടുത്തിയത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികവും ഭൂമി സംരക്ഷിച്ച തലമുറകളെയും ആദരിക്കുന്ന “അമേരിക്ക ദി ബ്യൂട്ടിഫുൾ” പാസിന് ഈ ബഹുമതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഇൻറീരിയർ സെക്രട്ടറി ഡഗ് ബർഗം വകുപ്പിന്റെ വെബ്സൈറ്റിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

സാധാരണഗതിയിൽ “അമേരിക്ക ദി ബ്യൂട്ടിഫുൾ” പാസുകളിൽ വാർഷിക ഫോട്ടോ മത്സരത്തിൽ വിജയിക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് പ്രിന്റ് ചെയ്യാറ്. എന്നാൽ പുതിയ പാസിൽ ഗ്ലേസിയർ നാഷണൽ പാർക്കിന്റെ വിജയചിത്രത്തിന് പകരം ട്രംപിന്റെ ഛായാചിത്രം വെക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സെൻറർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ വാദം.

Share Email
LATEST
Top