കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് യുവതികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ നിന്നുള്ള പുല്ലാഖണ്ഡം മേഘന റാണി (25), കടിയാല ഭാവന (24) എന്നിവരാണ് മരിച്ചത്.
മൂന്ന് വർഷം മുൻപാണ് ഉപരിപഠനത്തിനായി ഇരുവരും അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഘട്ടത്തിലായിരുന്നു ഇരുവരും. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അലബാമ ഹിൽസിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
മേഘന റാണി ഗാർള മണ്ഡലത്തിൽ നിന്നുള്ളയാളും ഭാവന മുൾക്കന്നൂർ സ്വദേശിയുമാണ്. ഇരുവരുടെയും കുടുംബം വലിയ ആഘാതത്തിലാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ സഹായം നൽകണമെന്ന് തെലങ്കാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കാലിഫോർണിയ പോലീസ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.













