കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ക്രിസ്മസ് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും , ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അതിപ്രധാനമായ കൂടിക്കാഴ്ച നടത്തിയതായി അറിയിച്ചു. സമാധാന ചർച്ചകൾക്ക് വേഗത കൂട്ടുന്നതിനായി പുതിയ ഫോർമാറ്റുകളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും ചില പുതിയ ആശയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നതായി സെലെൻസ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി യുക്രൈൻ നയതന്ത്ര സംഘം 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തം ഉമെറോവ് വിറ്റ്‌കോഫുമായും കുഷ്‌നറുമായും കൂടുതൽ വിശദമായ ചർച്ചകൾ നടത്തും. ഒരു ദിവസം പോലും പാഴാക്കാതെ സമാധാനത്തിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയാണ് യുക്രൈന്റെ ലക്ഷ്യം.
യുക്രൈനും അമേരിക്കയും ചേർന്ന് തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതി ഇപ്പോൾ 90 ശതമാനവും പൂർത്തിയായതായി സെലെൻസ്‌കി അവകാശപ്പെട്ടു. ഞായറാഴ്ച ഫ്ലോറിഡയിൽ വെച്ച് സെലെൻസ്‌കി ഡോണൾഡ് ട്രംപിനെ നേരിട്ട് കാണാൻ തീരുമാനിച്ചിട്ടുണ്ട്. പുതുവർഷത്തിന് മുൻപ് തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുക്രൈൻ.













