യു.എസ്. ആർമിയിലെ ഒരു ഗൈനക്കോളജിസ്റ്റ് പരിശോധനയ്ക്കിടെ 44-ഓളം വനിതാ രോഗികളെ രഹസ്യമായി വീഡിയോയിൽ പകർത്തിയതിന് കുറ്റാരോപിതനായി. ടെക്‌സസിലെ ഫോർട്ട് ഹുഡ് സൈനിക കേന്ദ്രത്തിലെ കാൾ ആർ. ഡാർനൽ ആർമി മെഡിക്കൽ സെന്ററിലെ ഒ.ബി.-ജി.വൈ.എൻ. മേജറായ ബ്ലെയ്ൻ മക്ഗ്രോവിനെതിരെയാണ് കേസ്. 2025 ജനുവരി 1 മുതൽ ഡിസംബർ 1 വരെയുള്ള കാലയളവിൽ രോഗിയല്ലാത്ത ഒരാൾ ഉൾപ്പെടെ കുറഞ്ഞത് 44 സ്ത്രീകളെ ഇയാൾ രഹസ്യമായി റെക്കോർഡ് ചെയ്തു എന്നാണ് യു.എസ്. ആർമി ഓഫീസ് ഓഫ് സ്പെഷ്യൽ ട്രയൽ കൗൺസിൽ അറിയിച്ചത്.
ഇയാളുടെ ഫോണിൽ നിന്ന് ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി പരാതിയിൽ പറയുന്നു. ലൈംഗിക ചൂഷണത്തിനും രഹസ്യമായി റെക്കോർഡ് ചെയ്തതിനും മക്ഗ്രോവിനെതിരെ 54 സെക്ഷൻ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, ഒരു ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന് അഞ്ച് കുറ്റങ്ങളും, ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ മനഃപൂർവം ലംഘിച്ചതിന് ഒരു കുറ്റവും, തെറ്റായ ഔദ്യോഗിക മൊഴി നൽകിയതിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്.
പരാതികൾ ഉയർന്നതിനെ തുടർന്ന് ഒക്ടോബർ 17-ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. മുൻപ് ഹവായിലെ ട്രിപ്ലർ ആർമി മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുമ്പോഴും ഇയാൾക്കെതിരെ ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, എന്നാൽ സൈനിക നേതൃത്വം അത് അവഗണിക്കുകയായിരുന്നുവെന്നും കേസിൽ ആരോപിക്കുന്നു. “യൂണിഫോമിലുള്ള ഒരു വേട്ടക്കാരന് സൈന്യം സംരക്ഷണം നൽകി,” എന്നാണ് കേസ് ഫയൽ ചെയ്ത അഭിഭാഷകൻ ആരോപിച്ചത്. നവംബർ 2-ന് ഇയാൾ അറസ്റ്റിലാവുകയും നിലവിൽ പ്രീ-ട്രയൽ തടങ്കലിൽ കഴിയുകയുമാണ്.













