വാഷിംഗ്ടൺ/കാരക്കാസ്: വെനസ്വേലൻ എണ്ണക്കടത്ത് തടയാനുള്ള അമേരിക്കൻ നീക്കങ്ങൾ കടലിൽ വലിയ സംഘർഷത്തിന് വഴിയൊരുക്കുന്നു. അമേരിക്കൻ ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ‘ബെല്ല 1’ എന്ന കൂറ്റൻ എണ്ണക്കപ്പലിനെ യുഎസ് കോസ്റ്റ് ഗാർഡും നാവികസേനയും ദിവസങ്ങളായി അന്താരാഷ്ട്ര സമുദ്രത്തിൽ പിന്തുടരുകയാണ്. കപ്പൽ വഴങ്ങാത്ത സാഹചര്യത്തിൽ, ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച മാരിടൈം സ്പെഷ്യൽ റെസ്പോൺസ് ടീമിനെ (MSRT) അയക്കാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വാരന്ത്യത്തിൽ വെനസ്വേലൻ തീരത്തിന് സമീപം വെച്ച് കോസ്റ്റ് ഗാർഡ് കപ്പൽ തടയാൻ ശ്രമിച്ചെങ്കിലും, ബെല്ല 1 നിർദ്ദേശങ്ങൾ അവഗണിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നു. നിലവിൽ യുഎസ് യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഈ കപ്പലിനെ നിരന്തരം നിരീക്ഷിച്ചു വരികയാണ്. കപ്പൽ ജീവനക്കാർ സഹകരിക്കാത്തതിനാൽ, ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി കപ്പലിലേക്ക് ഇറങ്ങി നിയന്ത്രണം ഏറ്റെടുക്കാൻ കഴിവുള്ള എലൈറ്റ് കമാൻഡോകളെ നിയോഗിക്കാൻ യുഎസ് നീക്കമിടുന്നു.
ഇറാനുമായുള്ള ബന്ധവും വ്യാജ പതാക ഉപയോഗിച്ചുള്ള സഞ്ചാരവും ചൂണ്ടിക്കാട്ടി ഈ കപ്പൽ പിടിച്ചെടുക്കാൻ അമേരിക്കൻ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘സമ്പൂർണ്ണ ഉപരോധത്തിന്റെ’ ഭാഗമായാണ് ഈ നടപടി. വെനസ്വേലൻ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കടത്ത് പൂർണ്ണമായും തടയുകയാണ് ലക്ഷ്യം. എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തെ “കടൽക്കൊള്ള” എന്നാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ വിശേഷിപ്പിച്ചത്. റഷ്യയും ചൈനയും അമേരിക്കൻ നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.













