വാഷിംഗ്ടൺ: അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിന് പിടിക്കപ്പെടുന്ന 14 വയസോ അതിലധികമോ പ്രായമുള്ള കുടിയേറ്റക്കാരിൽ നിന്ന് 5,000 ഡോളർ ‘അപ്രഹൻഷൻ ഫീസ്’ (പിടികൂടൽ ഫീസ്) ഈടാക്കാൻ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ തുടക്കമിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ വഴിയാണ് ഈ പിഴയ്ക്ക് നിയമപരമായ അംഗീകാരം ലഭിച്ചത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചശേഷം പിടിയിലാകുന്ന 14-ഉം അതിന് മുകളിലുമുള്ള എല്ലാവർക്കും ഈ തുക നിർബന്ധമായും അടയ്ക്കേണ്ടിവരും.
“അനധികൃതമായി യുഎസിലേക്ക് വരുന്ന എല്ലാവർക്കും ഈ നിയമം ബാധകമാണ്. അവർ എവിടെനിന്ന് കടന്നു, എത്ര കാലമായി ഇവിടെയുണ്ട്, ഇപ്പോൾ എവിടെയാണ് താമസം, നിലവിൽ ഏതെങ്കിലും ഇമിഗ്രേഷൻ നടപടികൾ നടക്കുന്നുണ്ടോ എന്നിവ ഒന്നും പരിഗണിക്കില്ല,” യുഎസ് ബോർഡർ പട്രോൾ മേധാവി മൈക്കിൾ ബാങ്ക്സ് എക്സ് പ്ലാറ്റ്ഫോമിൽ (X) കുറിച്ചു.
പരിശോധനകളില്ലാതെ യുഎസിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടുമ്പോൾ ഫീസ് ഈടാക്കണമെന്ന് വ്യക്തമാക്കുന്ന 8 USC 1815 എന്ന നിയമവകുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. കേസിന്റെ സ്വഭാവം അനുസരിച്ച് 8 USC 2339, 8 USC 1324 എന്നീ വകുപ്പുകൾ പ്രകാരമുള്ള അധിക പിഴകളും ചുമത്താവുന്നതാണ്. ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ കൂടുതൽ വിപുലമായ ഇമിഗ്രേഷൻ നടപ്പിലാക്കൽ പദ്ധതികൾക്ക് ആവശ്യമായ ഫണ്ടും അധികാരവും നൽകുന്നുണ്ട്.













