വാഷിംഗ്ടൺ: അമേരിക്കയിൽ താമസിക്കുന്ന അഫ്ഗാൻ പൗരന്മാർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ). അവധി ദിനങ്ങളിൽ രേഖകളുമായി ഹാജരാകാൻ ഇവർക്ക് നോട്ടീസുകൾ അയച്ചു. ക്രിസ്മസ് ദിനവും പുതുവർഷ ദിനവും (ജനുവരി 1) ഉൾപ്പെടെ ഡിസംബർ 27, 30 തീയതികളിലും “ഷെഡ്യൂൾഡ് റിപ്പോർട്ട് ചെക്ക്-ഇൻ” എന്ന പേരിൽ ഓഫീസിലെത്താൻ ആവശ്യപ്പെട്ടാണ് സമൻസുകൾ നൽകിയിരിക്കുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇത്തരം ഔദ്യോഗിക കൂടിക്കാഴ്ചകൾക്കെത്തുന്നവരെ മുൻകൂർണ അറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുന്ന പ്രവണത ഐസിഇ തുടരുന്നുണ്ട്.
ഗ്രീൻ കാർഡ് ഇന്റർവ്യൂവിനെത്തിയവരെപ്പോലും ഇങ്ങനെ തടങ്കലിലാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്തപ്പോൾ ജോ ബൈഡൻ ഭരണകൂടം പ്രത്യേക പരിരക്ഷ നൽകി അമേരിക്കയിലെത്തിച്ച ‘അഫ്ഗാൻ സഖ്യകക്ഷികളെ’ – അമേരിക്കൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചവരുൾപ്പെടെ – ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
നിയമസഹായം ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള അവധി ദിനങ്ങൾ തിരഞ്ഞെടുത്തതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
“ഫെഡറൽ, മത അവധി ദിനങ്ങളിൽ നിയമോപദേശം, കോടതികൾ, അഭിഭാഷകർ എന്നിവയിലേക്കുള്ള പ്രവേശനം ഏറ്റവും കുറവായിരിക്കുമ്പോൾ അഫ്ഗാൻകാരെ തടങ്കലിലാക്കാൻ ഐസിഇ ശ്രമിക്കുകയാണ്. ഇത് സാധാരണ അഡ്മിനിസ്ട്രേറ്റീവ് ഷെഡ്യൂളിംഗല്ല, മറിച്ച് ബോധപൂർവമായ നീക്കമാണ്.” – അഫ്ഗാൻ അഭയാർത്ഥികളെ സഹായിക്കുന്ന നോൺ-പ്രോഫിറ്റ് സംഘടനയായ അഫ്ഗാൻഇവാക്കിന്റെ സ്ഥാപകൻ ഷോൺ വാൻഡിവർ പറഞ്ഞു.
അഫ്ഗാൻ അഭയാർത്ഥികളുടെ നിയമപരിരക്ഷ റദ്ദാക്കുകയും തിരിച്ചയക്കൽ നടപടികൾ ത്വരിതഗതിയിലാക്കുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെ കാണുന്നത്.








