കൊച്ചി: കൊച്ചി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ദീപ്തിയെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കത്തിലൂടെ മാറ്റിനിർത്തി. ആദ്യ രണ്ടര വർഷത്തേക്ക് പാലാരിവട്ടം ഡിവിഷനിൽ നിന്നുള്ള കൗൺസിലറും മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. മിനിമോൾ മേയറാകും. ഇക്കാലയളവിൽ അയ്യപ്പൻകാവ് ഡിവിഷനിലെ ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. രണ്ടാം ടേമിൽ ഫോർട്ട് കൊച്ചി ഡിവിഷനിലെ ഷൈനി മാത്യുവിന് മേയർപദവിയും കെ.വി.പി. കൃഷ്ണകുമാറിന് ഡെപ്യൂട്ടി മേയർ സ്ഥാനവും ലഭിക്കും.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഈ പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന കെപിസിസി സർക്കുലറിന് വിരുദ്ധമായാണ് തീരുമാനം. സ്റ്റേഡിയം ഡിവിഷനിലെ കൗൺസിലറായ ദീപ്തിക്ക് പാർലമെന്ററി പാർട്ടി യോഗത്തിൽ വെറും നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മിനിമോൾക്ക് 17ഉം ഷൈനി മാത്യുവിന് 19ഉം പിന്തുണയുണ്ടായിരുന്നു.
പാർട്ടിയിലെ സീനിയോറിറ്റിയും ലത്തീൻ വിഭാഗത്തിൽ നിന്നുള്ള പ്രാതിനിധ്യത്തിന്റെ ആവശ്യവും ഉയർത്തി മുതിർന്ന നേതാക്കൾ ദീപ്തിയെ പിന്തുണച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൗൺസിലറായി ജയിച്ച ഏക കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ദീപ്തി. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളും കൗൺസിലർമാരെ നേരിട്ട് സമീപിച്ചുള്ള ലോബിയിങും ദീപ്തിയുടെ സാധ്യതകൾ ഇല്ലാതാക്കി.
ദീപ്തി അനുകൂലികൾ കടുത്ത നിരാശയിലാണ്. മറ്റ് കോർപറേഷനുകളിൽ കാണാത്ത രീതിയിലാണ് കൊച്ചിയിൽ മേയർ തിരഞ്ഞെടുപ്പ് നടന്നതെന്ന് ആരോപണമുയരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സൗമിനി ജെയിൻ മേയറായിരിക്കെ സമാനമായ ടേം പങ്കുവെക്കൽ ധാരണ ലംഘിച്ചത് വിഭാഗീയതയ്ക്ക് കാരണമായിരുന്നു. ഇത്തവണയും ആവർത്തിക്കപ്പെടുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.











