തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം. പ്ലാറ്റ്‌ഫോം ഭാഗത്ത് കൂടി വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു, ഓട്ടോ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കും എന്നാണ് വിവരം. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.













