ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ്:ശൈലി മാറ്റാനൊരുങ്ങി വിവേക് രാമസ്വാമി; തീവ്രവാദ നിലപാടുകളെ തള്ളിപ്പറഞ്ഞ് പുതിയ നീക്കം

ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ്:ശൈലി മാറ്റാനൊരുങ്ങി വിവേക് രാമസ്വാമി; തീവ്രവാദ നിലപാടുകളെ തള്ളിപ്പറഞ്ഞ് പുതിയ നീക്കം

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ കടുത്ത നിലപാടുകളിലൂടെയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയും ശ്രദ്ധേയനായ വിവേക് രാമസ്വാമി തന്റെ രാഷ്ട്രീയ ശൈലിയിൽ മാറ്റം വരുത്താനൊരുങ്ങുന്നു. മുൻപ് അമേരിക്കയിൽ ഒരു സാംസ്കാരിക ആഭ്യന്തരയുദ്ധം നടക്കുകയാണെന്നും ശ്വേത വർണ്ണാധിപത്യം വെറും കെട്ടുകഥയാണെന്നും വാദിച്ചിരുന്ന രാമസ്വാമി, ഇപ്പോൾ അനാവശ്യ കലഹങ്ങളില്ലാത്ത ഒരു യാഥാസ്ഥിതികൻ എന്ന നിലയിൽ തന്നെത്തന്നെ പുനർനിർവ്വചിക്കാനാണ് ശ്രമിക്കുന്നത്. ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ ഗവർണർ മൈക്ക് ഡിവിനെപ്പോലെ ശാന്തസ്വാഭാവമുള്ള വോട്ടർമാരെ സ്വാധീനിക്കുക എന്നതും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ വംശീയവും രാഷ്ട്രീയവുമായ ചർച്ചകളിൽ തന്റേതായ ഒരിടം കണ്ടെത്തുക എന്നതും ഇദ്ദേഹത്തിന്റെ പുതിയ ലക്ഷ്യങ്ങളാണ്. ഈ മാസമാദ്യം നടന്ന ‘അമേരിക്ക ഫെസ്റ്റ്’ പരിപാടിയിൽ വെച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെയും നിക്ക് ഫ്യൂന്റസിനെപ്പോലുള്ള വംശീയവാദികളെയും രാമസ്വാമി രൂക്ഷമായി വിമർശിച്ചു. സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വളർന്നുവരുന്ന വംശീയ വിദ്വേഷ നിലപാടുകളെ അദ്ദേഹം തള്ളിപ്പറഞ്ഞു.

മുൻപ് റൊണാൾഡ് റീഗന്റെ ആശയങ്ങളെ തള്ളിക്കളഞ്ഞിരുന്ന രാമസ്വാമി, ഇപ്പോൾ റീഗന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാണ് ജനങ്ങളോട് സംസാരിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്ന് വന്നവർക്കും അമേരിക്കയിൽ എത്തിയാൽ ഒരു പൂർണ്ണ അമേരിക്കക്കാരനായി മാറാൻ സാധിക്കുമെന്നും അത് അമേരിക്കയുടെ മാത്രം പ്രത്യേകതയാണെന്നും റീഗൻ പറഞ്ഞത് ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ പുതിയ നിലപാട് വ്യക്തമാക്കി.

Share Email
LATEST
More Articles
Top