കീവ്: ഫ്ലോറിഡയിൽ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിൽ പങ്കെടുത്ത പ്രതിരോധ മന്ത്രി റുസ്തെം ഉമെറോവ് ഉൾപ്പെടെയുള്ളവരിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ജനീവയിൽ നേരത്തെ യുഎസ്-യുക്രെയ്ൻ തലങ്ങളിൽ ചർച്ച ചെയ്ത സമാധാന കരട് രേഖ ഇപ്പോൾ അന്തിമരൂപത്തിലേക്ക് മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്റലിജൻസ് വിദഗ്ധരുടെ സാന്നിധ്യത്തിൽ മുന്നണിയിലെ സാധ്യമായ നീക്കങ്ങൾ, റഷ്യൻ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, വെടിനിർത്തൽ നിലവിൽ വന്നാൽ കരാർ ലംഘനങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കൻ ടീമുമായി ആഴത്തിലുള്ള ചർച്ച നടന്നു,” സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. യൂറോപ്യൻ സഖ്യകക്ഷികളെയും ‘സന്നദ്ധ സഖ്യ’ത്തിലെ പങ്കാളികളെയും തീരുമാനമെടുക്കൽ പ്രക്രിയയിൽ പൂർണമായി ഉൾപ്പെടുത്താൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ട്രംപ് ഭരണകൂടവുമായി അടുത്തുള്ള കൂടിക്കാഴ്ചകൾക്ക് മുന്നോടിയായി റഷ്യ പുതിയൊരു തെറ്റിദ്ധാരണാ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്,” സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രാലയം അടുത്തിടെ ഉന്നയിച്ച അവകാശവാദങ്ങളെ നേരിട്ട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖാർകിവ് മേഖലയിലെ വോവ്ചാൻസ്ക്, ഡൊണെറ്റ്സ്ക് മേഖലയിലെ പോക്രോവ്സ്ക് തുടങ്ങിയ പ്രധാന മുന്നണി പട്ടണങ്ങൾ പൂർണമായി പിടിച്ചെടുത്തുവെന്നായിരുന്നു മോസ്‌കോയുടെ വാദം.
യഥാർത്ഥ സമാധാനത്തിനും ദീർഘകാല സുരക്ഷിതത്വത്തിനുമുള്ള തൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച സെലെൻസ്‌കി, ചർച്ചകളിലെ റഷ്യയുടെ ലക്ഷ്യങ്ങളിൽ വീണ്ടും ആഴമായ സംശയം രേഖപ്പെടുത്തി.
“പ്രസിഡന്റ് ട്രംപിന്റെ ടീമുമായും യൂറോപ്യൻ പങ്കാളികളുമായും ഏറ്റവും ഫലപ്രദമായ സഹകരണം തുടരാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “റഷ്യയുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ, ഉപരോധങ്ങൾ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ, പ്രധാന യൂറോപ്യൻ തീരുമാനങ്ങൾ തടയാനുള്ള നയതന്ത്ര മറ തുടങ്ങിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ ഇന്റലിജൻസ് പങ്കാളികൾക്ക് കൈമാറും,” സെലെൻസ്‌കി ഉറപ്പു നൽകി.











