ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബെർഗർ; വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബെർഗർ; വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

റിച്ചിമണ്ട്: നൂറ്റാണ്ടുകളായി പുരുഷന്മാർ മാത്രം അലങ്കരിച്ചിരുന്ന വിർജീനിയയുടെ ഗവർണർ പദവിയിലേക്ക് ആദ്യമായി ഒരു വനിത. ശനിയാഴ്ച സ്റ്റേറ്റ് ക്യാപിറ്റളിന് പുറത്ത് നടന്ന ചടങ്ങിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബിഗയിൽ സ്പാൻബെർഗർ വിർജീനിയയുടെ ആദ്യ വനിതാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിൻസം എർൾ-സിയേഴ്സിനെ പരാജയപ്പെടുത്തിയാണ് സ്പാൻബെർഗർ ഈ ചരിത്ര വിജയം നേടിയത്. നിലവിലെ ഗവർണർ ഗ്ലെൻ യങ്‌കിന്റെ (റിപ്പബ്ലിക്കൻ) കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ഗവർണർ ചുമതലയേറ്റത്.

അയൽസംസ്ഥാനമായ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം കൈയാളുമ്പോൾ, വിർജീനിയയിൽ ഡെമോക്രാറ്റുകൾ ഭരണം തിരിച്ചുപിടിക്കുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമർഹിക്കുന്നു. “ഈ നിമിഷത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഗൗരവവും ഞാൻ തിരിച്ചറിയുന്നു,” സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ അവർ പറഞ്ഞു. തലമുറകളായി സ്ത്രീകൾക്ക് വോട്ടവകാശത്തിനായി പോരാടിയവരോടുള്ള നന്ദി അറിയിച്ച അവർ, അന്ന് പലരും സ്വപ്നം മാത്രം കണ്ടിരുന്ന ഒരു ദിനമാണിതെന്ന് കൂട്ടിച്ചേർത്തു.

മഞ്ഞും മഴയും കലർന്ന തണുത്ത കാലാവസ്ഥയിലും ആയിരക്കണക്കിന് ആളുകളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. വിർജീനിയയുടെ ഭരണചക്രത്തിൽ ഇനി ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങൾക്കായിരിക്കും മുൻഗണന ലഭിക്കുക.

Share Email
LATEST
Top