വാഷിംഗ്ടൺ: അമേരിക്കയിലെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വലിയ ആശ്വാസം നൽകിയിരുന്ന അഫോർഡബിൾ കെയർ ആക്ട് (ACA) പ്രകാരമുള്ള മെച്ചപ്പെടുത്തിയ പ്രീമിയം സബ്‌സിഡികൾ 2025 ഡിസംബർ 31ന് അവസാനിച്ചു. ഇതിന്റെ ഫലമായി 2026ൽ ആരോഗ്യ ഇൻഷുറൻസ് കവറേജിനുള്ള ചെലവ് അമേരിക്കൻ ജനതയ്ക്ക് ഗണ്യമായി വർധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സബ്‌സിഡികൾ നീട്ടിനൽകാനുള്ള രാഷ്ട്രീയ ശ്രമങ്ങൾ വാഷിംഗ്ടണിൽ വിജയിക്കാതെ പോയതാണ് ഈ സാഹചര്യത്തിന് കാരണം.
സബ്‌സിഡികൾ നിർത്തിയതോടെ പല പ്രദേശങ്ങളിലും ഇൻഷുറൻസ് പ്രീമിയം ഇരട്ടിയോ അതിലേറെയോ ആയി ഉയരും. ഉദാഹരണമായി, മുമ്പ് മാസം 900 ഡോളർ ചെലവഴിച്ചിരുന്നവർ ഇനി 2,500 ഡോളറോളം നൽകേണ്ടി വരുമെന്നാണ് വിലയിരുത്തലുകൾ. ഇത് താങ്ങാനാവാതെ വരുന്നതിനാൽ ഏകദേശം 40 ലക്ഷം പേർ ഇൻഷുറൻസ് കവറേജ് ഉപേക്ഷിക്കാൻ നിർബന്ധിതരാകാനുള്ള സാധ്യതയുണ്ട്.
സബ്‌സിഡികൾ മൂന്ന് വർഷം കൂടി നീട്ടാനുള്ള ഡെമോക്രാറ്റുകളുടെ നിർദേശം ജനുവരിയിൽ പ്രതിനിധി സഭയിൽ വോട്ടെടുപ്പിന് വരാനിരിക്കെ, റിപ്പബ്ലിക്കൻമാർ നിയന്ത്രിക്കുന്ന സെനറ്റിൽ ഇത് പാസാകാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ നവംബറിൽ സബ്‌സിഡി തുടരണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ സർക്കാർ ഫണ്ടിംഗ് തടസ്സപ്പെടുത്തിയത് രാജ്യത്ത് റെക്കോർഡ് ദൈർഘ്യമുള്ള ഗവൺമെന്റ് ഷട്ട്ഡൗണിന് ഇടയാക്കിയിരുന്നു.
നവംബർ മധ്യത്തോടെ സെനറ്റിൽ വോട്ടെടുപ്പ് നടത്തുമെന്ന ധാരണയിലാണ് അന്ന് ഷട്ട്ഡൗൺ അവസാനിപ്പിച്ചത്. എന്നാൽ ഡിസംബറിൽ നടന്ന വോട്ടെടുപ്പുകളിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ബില്ലുകൾ രണ്ടും പരാജയപ്പെട്ടു.
നാല് മിതവാദ റിപ്പബ്ലിക്കൻ അംഗങ്ങൾ സ്വപക്ഷത്തിന്റെ നിലപാട് ഉപേക്ഷിച്ച് ഡെമോക്രാറ്റുകളുടെ നിർദേശത്തെ പിന്തുണച്ചത് വൻ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് പുറമേ ചെറുകിട ബിസിനസുകാർ, കർഷകർ, 55 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവരെയാണ് സബ്‌സിഡി അവസാനിക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക.













