ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ഭരണകൂടം രാജ്യത്ത് സമ്പൂർണ്ണ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇറാനിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ് തങ്ങളുടെ ഉപഗ്രഹ ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് സൗജന്യമാക്കി. ഈ ആഴ്ച ആദ്യം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇലോൺ മസ്കും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ ഇറാനിൽ നിഷ്ക്രിയമായിരുന്ന സ്റ്റാർലിങ്ക് അക്കൗണ്ടുകൾ ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുണ്ട്. ഇവരുടെ പ്രതിമാസ വരിക്കാരുടെ ഫീസ് കമ്പനി ഒഴിവാക്കി നൽകി. ഏകദേശം 1,800-ലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും വൻതോതിലുള്ള ഡിജിറ്റൽ ബ്ലാക്ക് ഔട്ടിലൂടെ വിവരങ്ങൾ പുറംലോകമറിയുന്നത് ഇറാൻ ഭരണകൂടം തടയുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഈ ഘട്ടത്തിൽ സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് പ്രതിഷേധക്കാർക്കും സാധാരണക്കാർക്കും വലിയൊരു ആശ്വാസമായിരിക്കുകയാണ്.
അതേസമയം, സ്റ്റാർലിങ്ക് സിഗ്നലുകൾ തടയാൻ ഇറാൻ ഭരണകൂടം റഷ്യൻ സൈനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും സിഗ്നലുകൾ ജാം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും സ്റ്റാർലിങ്കിന്‍റെ സാങ്കേതിക വിഭാഗം സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളിലൂടെ ഇത് മറികടക്കാൻ ശ്രമിക്കുന്നുണ്ട്. വെനിസ്വേലയിൽ നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ അവിടെയും സ്റ്റാർലിങ്ക് സൗജന്യ സേവനം നൽകിയിരുന്നു. അമേരിക്കയുടെ വിദേശനയങ്ങളിൽ എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഒരു നിർണ്ണായക സ്വാധീനമായി മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.











