അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി, 15 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി, 15 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ന്യൂഡൽഹി: അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതകാല കൊടുങ്കാറ്റിനെത്തുടർന്ന് (Winter Storm) യാത്രാ നിർദ്ദേശവുമായി എയർ ഇന്ത്യ. ജനുവരി 25, 26 തീയതികളിൽ ന്യൂയോർക്കിലേക്കും നെവാർക്കിലേക്കും നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ തിങ്കളാഴ്ച വരെ ന്യൂയോർക്ക്, ന്യൂജേഴ്‌സി മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.

അമേരിക്കൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിക്കുന്ന വിധത്തിൽ ഏകദേശം 2,000 മൈൽ ദൂരത്തിൽ മഞ്ഞും ഐസും വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെക്സസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളെ ഇത് ബാധിക്കും. അതിശക്തമായ ഐസ് പാളികൾ രൂപപ്പെടുന്നത് വൈദ്യുതി ലൈനുകളെ തകർക്കാൻ സാധ്യതയുള്ളതിനാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ദിവസങ്ങളോളം വൈദ്യുതി ബന്ധം നഷ്ടപ്പെട്ടേക്കാം. റോഡ് ഗതാഗതം അസാധ്യമായതിനെത്തുടർന്ന് ഇതിനോടകം തന്നെ ആയിരക്കണക്കിന് വിമാന സർവീസുകൾ അമേരിക്കയിൽ റദ്ദാക്കിയിട്ടുണ്ട്.

സ്ഥിതിഗതികൾ കണക്കിലെടുത്ത് ന്യൂയോർക്ക്, ന്യൂജേഴ്‌സി, ജോർജിയ, വിർജീനിയ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ ഡി.സിയിലും അടിയന്തരാവസ്ഥ നിലവിലുണ്ട്. അമേരിക്കയിലെ പകുതിയിലധികം ജനങ്ങളും വരും ദിവസങ്ങളിൽ പൂജ്യം ഡിഗ്രിയിൽ താഴെയുള്ള അതിശൈത്യം അനുഭവിക്കേണ്ടി വരുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (FEMA) വഴി സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുകയാണെന്ന് ഭരണകൂടം അറിയിച്ചു.


എയർ ഇന്ത്യ യാത്രികർ ശ്രദ്ധിക്കാൻ:

വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകളുമായി (+91 1169329333, +91 1169329999) ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് (airindia.com) സന്ദർശിക്കുകയോ ചെയ്യുക.

യാത്ര തടസ്സപ്പെട്ടവർക്ക് റീഫണ്ട് ലഭിക്കുന്നതിനോ അല്ലെങ്കിൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുന്നതിനോ ഉള്ള സഹായം എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share Email
LATEST
More Articles
Top