അമ്മ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്; വിവരങ്ങൾ കെ.പി.എ.സി ലളിതയ്ക്ക് കൈമാറിയെന്ന് കണ്ടെത്തൽ

അമ്മ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്; വിവരങ്ങൾ കെ.പി.എ.സി ലളിതയ്ക്ക് കൈമാറിയെന്ന് കണ്ടെത്തൽ
Share Email

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി. 2018-ൽ സിനിമാ മേഖലയിൽ ‘മീ ടൂ’ വിവാദങ്ങൾ ശക്തമായ സമയത്ത്, ചില വനിതാ അംഗങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നതായി സമിതി സ്ഥിരീകരിച്ചു. എന്നാൽ ഈ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ അന്തരിച്ച നടി കെ.പി.എ.സി ലളിതയ്ക്കാണ് കൈമാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ കുക്കു പരമേശ്വരനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സമിതി വിലയിരുത്തി.

2018-ൽ നടന്ന ഈ സംഭവങ്ങൾ വർഷങ്ങൾക്ക് ശേഷം 2025-ലെ തിരഞ്ഞെടുപ്പ് വേളയിൽ മാത്രം പുറത്തുവന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലിലാണ് സംഘടനാ നേതൃത്വം. മെമ്മറി കാർഡിലെ വിവരങ്ങൾ ഒരിടത്തും ചോർന്നിട്ടില്ലെന്നും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് ‘അമ്മ’യുടെ പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ ഏതെങ്കിലും അംഗങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ അതിന് തടസ്സമില്ലെന്നും സംഘടനയുടെ നിലപാട് വ്യക്തമാക്കുന്നു.

ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോനാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. അംഗങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തിപരമായി പരാതിയുള്ളവർക്ക് സ്വന്തം നിലയ്ക്ക് നിയമസഹായം തേടാമെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ഇതോടെ മാസങ്ങളായി സംഘടനയെ പിടിച്ചുലച്ച മെമ്മറി കാർഡ് വിവാദത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്.

Share Email
Top