അമേരിക്ക സ്തംഭിച്ചു, കുടിയേറ്റ വേട്ടയ്ക്കെതിരെ യുഎസിൽ ദേശീയ പണിമുടക്ക്; ‘ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിങ്ങില്ല’ മുദ്രാവാക്യമുയർത്തി ജനങ്ങൾ

അമേരിക്ക സ്തംഭിച്ചു, കുടിയേറ്റ വേട്ടയ്ക്കെതിരെ യുഎസിൽ ദേശീയ പണിമുടക്ക്; ‘ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിങ്ങില്ല’ മുദ്രാവാക്യമുയർത്തി ജനങ്ങൾ

മിനിയാപൊളിസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭരണകൂടം മിനിയാപൊളിസിൽ നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികൾക്കും അതിനിടെയുണ്ടായ വെടിവെപ്പുകൾക്കും എതിരെ യുഎസിലുടനീളം വൻ പ്രതിഷേധം. “ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിങ്ങില്ല” എന്ന മുദ്രാവാക്യമുയർത്തി വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്ക് അമേരിക്കയിലെ പ്രമുഖ നഗരങ്ങളെ നിശ്ചലമാക്കി. കഴിഞ്ഞ ശനിയാഴ്ച (ജനുവരി 24) മിനിയാപൊളിസിൽ ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി (37) ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഇമിഗ്രേഷൻ നടപടികൾ ഫോണിൽ പകർത്തുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ഈ മാസം ആദ്യം റെനി ഗുഡ് എന്ന യുവതിയും ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് മരണങ്ങളും അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
മിനസോട്ടയിൽ ആരംഭിച്ച പ്രതിഷേധം നോർത്ത് കരോലിന, കാലിഫോർണിയ, മെയിൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മിനിയാപൊളിസിൽ രണ്ടാം ആഴ്ചയും പതിനായിരങ്ങൾ തെരുവിലിറങ്ങി.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. ചില സംസ്ഥാനങ്ങളിൽ ക്ലാസുകൾ മുൻകൂട്ടി റദ്ദാക്കി. നൂറുകണക്കിന് റെസ്റ്റോറന്റുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. ഇത് അമേരിക്കൻ വിപണിയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പ്രതിഷേധം കനത്തതോടെ അലക്സ് പ്രെറ്റിയുടെ മരണത്തിൽ യുഎസ് നീതിന്യായ വകുപ്പ് സിവിൽ റൈറ്റ്സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മിനിയാപൊളിസിലെ ഫെഡറൽ ഏജന്‍റുമാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് വൈറ്റ് ഹൗസ് ബോർഡർ സാർ ടോം ഹോമാൻ അറിയിച്ചെങ്കിലും, ഭരണകൂടം ആത്മാർത്ഥത കാണിക്കുന്നില്ലെന്നാണ് മിനസോട്ട ഗവർണർ ടിം വാൽസ് പ്രതികരിച്ചത്.

Share Email
LATEST
Top