തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് മൂന്ന് വർഷം തടവ്; എം.എൽ.എ സ്ഥാനം തെറിക്കും

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് മൂന്ന് വർഷം തടവ്; എം.എൽ.എ സ്ഥാനം തെറിക്കും

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ, തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിർണ്ണായക വിധി പ്രസ്താവിച്ചത്.ശിക്ഷാവിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെടും.

കേസിനാസ്പദമായ സംഭവം:

1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സെർവെല്ലിയെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കുറ്റം. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ ക്ലർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിത്തയ്ച്ച് ചെറുതാക്കി എന്നാണ് കേസ്.

കോടതിയിൽ ഈ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിഞ്ഞതോടെ ഹൈക്കോടതി സെർവെല്ലിയെ കുറ്റവിമുക്തനാക്കി. പിന്നീട് ഓസ്‌ട്രേലിയയിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട സെർവെല്ലി, താൻ രക്ഷപ്പെട്ടത് തൊണ്ടിമുതലിൽ തിരിമറി നടത്തിയാണെന്ന് സഹതടവുകാരനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കോടതി വിധി:

ഗൂഢാലോചന (IPC 120B), തെളിവ് നശിപ്പിക്കൽ (IPC 201), കള്ളത്തെളിവുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ആന്റണി രാജുവിനെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി.

തെളിവ് നശിപ്പിച്ചതിന്: 3 വർഷം തടവും 10,000 രൂപ പിഴയും.

കള്ളത്തെളിവുണ്ടാക്കിയതിന്: 3 വർഷം തടവ്.ഗൂഢാലോചനയ്ക്ക്: 6 മാസം തടവ്.

കേസിലെ ഒന്നാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ കെ.എസ്. ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ വിധി വന്നതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം നഷ്ടമാകും. ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകി സ്റ്റേ വാങ്ങിയാൽ മാത്രമേ അദ്ദേഹത്തിന് എം.എൽ.എ സ്ഥാനത്ത് തുടരാനോ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ സാധിക്കൂ.

36 വർഷം പഴക്കമുള്ള ഈ കേസിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ 2024 നവംബറിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദ്രുതഗതിയിലുള്ള വിചാരണ നടപടികൾക്ക് ശേഷം ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Share Email
LATEST
Top