‘കൃഷി നിർത്തി തൊഴിലാളികളെ ജയിലിൽ പോകാൻ പ്രലോഭിപ്പിക്കുന്ന സർക്കാർ’, രൂക്ഷവിമർശനവുമായി ജോസഫ് പാംപ്ലാനി

‘കൃഷി നിർത്തി തൊഴിലാളികളെ ജയിലിൽ പോകാൻ പ്രലോഭിപ്പിക്കുന്ന സർക്കാർ’, രൂക്ഷവിമർശനവുമായി ജോസഫ് പാംപ്ലാനി

ജയിലിലെ കുറ്റവാളികളുടെ ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജയിലിലെ ശമ്പളം വർധിപ്പിച്ച സർക്കാർ, സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികൾക്കും കർഷകർക്കും എത്രയാണ് കൂലി നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൃഷിയൊക്കെ നിർത്തിയിട്ട് ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്ന രീതിയിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. കുറ്റവാളികളോട് കാണിക്കുന്ന ശുഷ്കാന്തി കർഷകരുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്നും, സർക്കാർ ഉദ്യോഗസ്ഥരായ രണ്ട് ശതമാനം വരുന്ന വിഭാഗത്തെ തീറ്റിപ്പോറ്റാൻ വേണ്ടിയാണ് സർക്കാർ കടമെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വനമൃഗശല്യം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ ബിഷപ്പ്, കാട്ടുപന്നി വിഷയത്തിലും കടുത്ത നിലപാട് സ്വീകരിച്ചു. “നമ്മുടെ പറമ്പിൽ വളരുന്ന പന്നികൾ നമ്മുടേതാണ്, അതിനെ ഇനി എങ്ങോട്ടേക്കും വിടേണ്ടതില്ല, ബാക്കി നിങ്ങൾ പൂരിപ്പിച്ചോളൂ” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചർച്ചയായിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഒരു സർക്കാർ ആവശ്യമില്ലെന്നും സാധാരണക്കാരന്റെ സങ്കടം കേൾക്കുന്നവർക്കേ പ്രസക്തിയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയം പറയുകയാണെന്ന് ആരും കരുതേണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി.

Share Email
LATEST
More Articles
Top