കെ.എച്ച്.എന്‍.എ ടെന്നസി റീജിയണല്‍ വൈസ് പ്രസിഡന്റായി ആശാ പതിയേരിയെ നാമനിര്‍ദേശം ചെയ്തു

കെ.എച്ച്.എന്‍.എ ടെന്നസി റീജിയണല്‍ വൈസ് പ്രസിഡന്റായി ആശാ പതിയേരിയെ നാമനിര്‍ദേശം ചെയ്തു

നാഷ് വില്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എന്‍.എ (KHNA) യുടെ ടെന്നസി റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) ആശാ പതിയേരിയെ നാമനിര്‍ദേശം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ടെന്നസി മേഖലയില്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സാംസ്‌കാരിക-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ആശയെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്.

നാഷ്വില്ലിലെ ‘നിര്‍മാല്യം’ സത്സംഗ ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അവര്‍, ടെന്നസിയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ ‘അത്മ’ (ATHMA – All Tennessee Hindu Malayalee Association) രൂപീകരിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു. 2024-ല്‍ അന്നത്തെ കെ.എച്ച്.എന്‍.എ പ്രസിഡന്റായിരുന്ന ഡോ. നിഷ പിള്ളയാണ് ‘അത്മ’യുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍പ് 2021-2023 കാലയളവില്‍ കെ.എച്ച്.എന്‍.എ നാഷ്വില്‍ ആര്‍.വി.പി ആയും, 2023-2025 കാലയളവില്‍ ടെന്നസി സ്റ്റേറ്റ് വൈസ് പ്രസിഡന്റായും ആശാ പതിയേരി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ആശാ പതിയേരി നിലവില്‍ നാഷ്വില്ലിലാണ് താമസം. വെറ്ററന്‍സ് അഫയേഴ്സില്‍ (Veterans Affairs) ഗ്യാസ്ട്രോ എന്ററോളജി നഴ്സായി ജോലി ചെയ്യുന്ന അവര്‍ ഔദ്യോഗിക രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. അനില്‍ പതിയേരിയാണ് ഭര്‍ത്താവ്. മകള്‍ കല്ല്യാണി പതിയേരി. സനാതന ധര്‍മ്മവും സാംസ്‌കാരിക പൈതൃകവും വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കുക എന്നതും, ആ മൂല്യങ്ങള്‍ സമൂഹത്തിന് വഴികാട്ടിയാവുക എന്നതുമാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.

ആശാ പതിയേരിയുടെ സംഘാടക മികവും അനുഭവസമ്പത്തും സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ‘സംഘടനയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള ആശയുടെ പരിചയസമ്പത്ത് കെ.എച്ച്.എന്‍.എയ്ക്ക് വലിയൊരു കരുത്താണ്. ടെന്നസി മേഖലയില്‍ നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ അവരുടെ നേതൃത്വത്തിന് സാധിക്കും,’ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് എന്നിവരും ആശാ പതിയേരിക്ക് ആശംസകള്‍ നേര്‍ന്നു

Asha Pathieri nominated as KHNA Tennessee Regional Vice President

Share Email
LATEST
Top