ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ പുതിയ വഴിത്തിരിവ്, കോടതി നടപടികൾ നിർത്തിയ്ക്കണമെന്ന് ബിബിസി; ന്യൂയോർക്കിലേക്ക് മാറ്റണമെന്നും ആവശ്യം

ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ പുതിയ വഴിത്തിരിവ്, കോടതി നടപടികൾ നിർത്തിയ്ക്കണമെന്ന് ബിബിസി; ന്യൂയോർക്കിലേക്ക് മാറ്റണമെന്നും ആവശ്യം

ഫ്ലോറിഡ: തന്‍റെ പ്രസംഗം തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചു എന്ന് ആരോപിച്ച് ബിബിസിക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ 10 ബില്യൺ ഡോളറിന്‍റെ (ഏകദേശം 83,000 കോടി രൂപ) മാനനഷ്ടക്കേസിൽ പുതിയ വഴിത്തിരിവ്. മിയാമി ഫെഡറൽ കോടതിയിൽ നടക്കുന്ന ഈ കേസിന്‍റെ തെളിവെടുപ്പ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബിബിസി ആവശ്യപ്പെട്ടു. കേസ് തള്ളിക്കളയണമെന്ന തങ്ങളുടെ അപേക്ഷയിൽ വിധി വരുന്നത് വരെ നടപടികൾ മാറ്റിവെക്കണമെന്നാണ് ബിബിസിയുടെ വാദം.

2021 ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തിന് മുൻപ് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച്, അദ്ദേഹം അക്രമത്തിന് ആഹ്വാനം നൽകി എന്ന രീതിയിൽ ബിബിസി ഒരു ഡോക്യുമെന്‍ററി നിർമ്മിച്ചു എന്നതാണ് കേസിന് ആധാരം. “നമ്മൾ പോരാടും, നരകതുല്യം പോരാടും” എന്ന വാചകം മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതാണെന്നും എന്നാൽ ബിബിസി അത് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്തുവെന്നും ട്രംപിന്‍റെ അഭിഭാഷകർ ആരോപിക്കുന്നു. ഈ സംഭവം പുറത്തായതോടെ ബിബിസി ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു.

നഷ്ടപരിഹാരമായി 10 ബില്യൺ ഡോളർ നൽകണമെന്നാണ് ട്രംപിന്‍റെ ആവശ്യം. എന്നാൽ, ബിബിസി ഈ കേസിനെതിരെ ശക്തമായി രംഗത്തുണ്ട്. തങ്ങൾ ഫ്ലോറിഡയിൽ ഈ ഡോക്യുമെന്‍ററി നിർമ്മിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഫ്ലോറിഡ കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്ന് ബിബിസി വാദിക്കുന്നു. കേസ് തള്ളിയില്ലെങ്കിൽ അത് ന്യൂയോർക്കിലെ കോടതിയിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. എഡിറ്റിംഗിൽ വന്ന പിശകിന് ബിബിസി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും, ട്രംപിന് ഇതുവഴി യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവമാണെന്നും ബിബിസിയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. വരും മാസങ്ങളിൽ ഈ കേസിൽ കൂടുതൽ നിർണ്ണായകമായ വിധികൾ പ്രതീക്ഷിക്കാം.

Share Email
LATEST
More Articles
Top