പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്ത്. സതീശൻ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തിയ ഈ റിപ്പോർട്ടിന് പിന്നാലെയാണ് വിജിലൻസ് ഡയറക്ടർ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നും വ്യക്തമാക്കുന്നതാണ് പുതിയ വിവരം. സ്പീക്കറുടെ അനുമതിയില്ലാതെ സതീശൻ വിദേശയാത്ര നടത്തിയെന്ന മുൻ വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലിൽ ആഭ്യന്തര സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലിൻ ചിറ്റ് നൽകിയതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സ്പീക്കർക്ക് നൽകിയ കത്തിൽ സതീശന് അനുകൂലമായ പരാമർശങ്ങളാണുള്ളത്.
അഴിമതി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടെങ്കിലും, വിദേശ പണമിടപാടിലെ സാങ്കേതിക വശങ്ങൾ പരിശോധിക്കാനാണ് കേസ് സിബിഐക്ക് വിടാൻ പിന്നീട് വിജിലൻസ് തീരുമാനിച്ചത്. രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് പ്രതിപക്ഷത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
പറവൂർ മണ്ഡലത്തിലെ പ്രളയബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്കായി ലണ്ടനിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് 2023 മുതൽ വിജിലൻസ് അന്വേഷണം നടക്കുന്നത്. ഒരു ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് പണം എത്തിയതെന്നും സതീശൻ ഈ സംഘടനയുടെ ഭാഗമല്ലാത്തതിനാൽ അഴിമതി കുറ്റം ചുമത്താൻ കഴിയില്ലെന്നുമാണ് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിജിലൻസിന്റെ കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
Punarjani Project: Vigilance Rules Out Corruption Case Against Satheesan; Recommends CBI Probe for FCRA Check













