തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ ആദ്യമായാണ് വിജയിനെ നേരിട്ട് ചോദ്യം ചെയ്യാൻ സിബിഐ വിളിച്ചുവരുത്തുന്നത്.
2025 സെപ്റ്റംബർ 27-നാണ് കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന ടിവികെ റാലിക്കിടെ വൻ ദുരന്തമുണ്ടായത്. വിജയിനെ കാണാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിൽ വന്ന വീഴ്ചകൾ, ആൾക്കൂട്ട നിയന്ത്രണത്തിലെ പാളിച്ചകൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തിവരികയാണ്. നേരത്തെ പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബസി ആനന്ദ് ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.
സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചയായതോടെ സുപ്രീം കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പകരം സ്വതന്ത്രമായ അന്വേഷണം വേണമെന്ന നിരീക്ഷണത്തിലായിരുന്നു കോടതി നടപടി. ഈ മാസം 12-ന് ഡൽഹിയിൽ ഹാജരാകുന്ന വിജയിന്റെ മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ടിവികെയ്ക്കും വിജയിനും സിബിഐയുടെ ഈ നീക്കം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.













