ബെയ്ജിംഗ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ച നടപടി അന്തർദേശീയ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ചൈന വീണ്ടും ശക്തമായി വിമർശിച്ചു. മഡുറോയെയും ഭാര്യയെയും ഉടനടി മോചിപ്പിക്കണമെന്നും വെനിസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ കോടതിയിൽ മഡുറോയെ വിചാരണ ചെയ്യാൻ ഹാജരാക്കുന്നതിനെതിരെ ബീജിംഗിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ചൈന ഈ നിലപാട് ആവർത്തിച്ചത്. ലോകാധിപത്യം നടിക്കുന്ന അമേരിക്കയുടെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഭിപ്രായപ്പെട്ടു. “ഒരു രാജ്യത്തെയും ലോകത്തിന്റെ പോലീസാക്കാൻ ഞങ്ങൾ അനുവദിക്കില്ല, ലോകത്തിന്റെ ജഡ്ജിയായി അവകാശപ്പെടുന്നതും ഞങ്ങൾ അംഗീകരിക്കില്ല,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ലാറ്റിൻ അമേരിക്കൻ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഈ ഇടപെടൽ വൻ ഭീഷണിയാണെന്നും ചൈന ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ സൈനിക നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ അടിയന്തരയോഗം വിളിക്കണമെന്ന കൊളംബിയയുടെ നിർദേശത്തെ ചൈന പൂർണമായി പിന്തുണച്ചു. വെനിസ്വേലയിൽ താൽക്കാലിക ഭരണച്ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആഭ്യന്തരകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്ന് ചൈന പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ എന്തായിരുന്നാലും വെനിസ്വേലയുമായുള്ള സഹകരണം തുടരുമെന്നും ചൈന ഉറപ്പുനൽകി.













