എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്കേറ്റം പുതിയ തലത്തിലേക്ക്. ബിനോയ് വിശ്വത്തെ ‘ചാന്തുപ്പൊട്ട്’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ കടുത്ത ഭാഷയിലാണ് സി.പി.ഐ നേതാവ് പ്രതികരിച്ചത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലൂടെ വെള്ളാപ്പള്ളി തന്റെ സംസ്കാരമാണ് പ്രകടിപ്പിക്കുന്നതെന്നും, ഇത്തരം പരാമർശങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് നിരക്കാത്തതാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ശബരിലമ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കേസിൽ വെള്ളാപ്പള്ളിയുടെ നിലപാടുകളെ ബിനോയ് വിശ്വം വിമർശിച്ചതോടെയാണ് മറുപടിയായി വ്യക്തിപരമായ അധിക്ഷേപം ഉണ്ടായത്. വെള്ളാപ്പള്ളിയുടെ വാക്കുകൾ മ്ലേച്ഛമാണെന്നും പൊതുപ്രവർത്തനത്തിൽ മാന്യത പുലർത്താൻ അദ്ദേഹം തയ്യാറാകണമെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. വെള്ളാപ്പള്ളിക്ക് സമനില തെറ്റിയെന്നും രാഷ്ട്രീയ വിമർശനങ്ങളെ വ്യക്തിഹത്യ കൊണ്ടല്ല നേരിടേണ്ടതെന്നും സി.പി.ഐ കേന്ദ്രങ്ങളും വ്യക്തമാക്കി.
വിഷയത്തിൽ വെള്ളാപ്പള്ളിയെ പിന്തുണച്ച് മകൻ തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തിയിട്ടുണ്ട്. ബിനോയ് വിശ്വം അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും തന്റെ പിതാവിനെ പ്രകോപിപ്പിച്ചത് ബിനോയ് വിശ്വമാണെന്നും തുഷാർ ആരോപിച്ചു. എന്നാൽ, സാമൂഹിക പരിഷ്കർത്താക്കളുടെ പേര് പറഞ്ഞ് വർഗീയതയും അഴിമതിയും ഒളിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് സി.പി.ഐ നിലപാട്. വരും ദിവസങ്ങളിൽ ഈ വാക്പോര് ഇടതുമുന്നണിക്കുള്ളിലും മുന്നണിക്ക് പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.













