ആരുടെയും അടിമയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്, ബിജെപി സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്നും വിജയ്, വിസിലടിച്ച് കപ്പ് മുഖ്യമെന്നും പ്രഖ്യാപനം

ആരുടെയും അടിമയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്, ബിജെപി സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്നും വിജയ്, വിസിലടിച്ച് കപ്പ് മുഖ്യമെന്നും പ്രഖ്യാപനം
Share Email

ചെന്നൈയിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹി യോഗത്തിൽ ഡിഎംകെ സർക്കാരിനും എഐഎഡിഎംകെ മുന്നണിക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ വിജയ് രംഗത്തെത്തി. താൻ ഒരു മുന്നണിയുടെയും ഭാഗമല്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും പ്രഖ്യാപിച്ച അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരു ‘ജനനായക പോര്’ ആയിരിക്കുമെന്ന് വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്നും രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. ബിജെപി സമ്മർദ്ദത്തിന് വഴങ്ങുന്നു എന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഡിഎംകെ രഹസ്യമായും എഐഎഡിഎംകെ പരസ്യമായും ബിജെപിയുടെ അടിമകളായി മാറിയെന്ന് കുറ്റപ്പെടുത്തിയ വിജയ്, ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് താനില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ 30 വർഷമായി പലരും തന്നെ വിലകുറച്ചാണ് കാണുന്നതെന്നും എന്നാൽ തന്റെ പട ഒറ്റയ്ക്ക് പൊരുതി ജയിക്കാൻ കരുത്തുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലുള്ള രാഷ്ട്രീയക്കാരെപ്പോലെ അഴിമതി നടത്തി പണം സമ്പാദിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും, അഴിമതിമുക്തമായ ഭരണം കാഴ്ചവെക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ഭാരവാഹികളോട് പറഞ്ഞു.

പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായി ‘വിസിൽ’ അവതരിപ്പിച്ച വിജയ്, യോഗത്തിൽ വിസിലടിച്ചുകൊണ്ട് പ്രവർത്തകരിൽ ആവേശം നിറച്ചു. “കപ്പ് മുഖ്യം ബിഗിലേ” എന്ന തന്റെ സിനിമാ സംഭാഷണം ഓർമ്മിപ്പിച്ചുകൊണ്ട്, ലക്ഷ്യം വിജയമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ടിവികെയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിർണ്ണായക ഘട്ടമാണെന്നും, അഴിമതിക്കെതിരായ ഈ പോരാട്ടത്തിൽ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്നും വിജയ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Share Email
LATEST
More Articles
Top