ട്രംപിനെ തള്ളി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇത് യുഎസിന്‍റെ അന്തസ്സിന് ചേർന്നതല്ല; ഗ്രീൻലാൻഡ് വിഷയത്തിൽ കടുത്ത വിമർശനം

ട്രംപിനെ തള്ളി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇത് യുഎസിന്‍റെ അന്തസ്സിന് ചേർന്നതല്ല; ഗ്രീൻലാൻഡ് വിഷയത്തിൽ കടുത്ത വിമർശനം

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൺ. ഡെന്മാർക്കിന്‍റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപിനെ അമേരിക്കയുമായി ചേർക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന ട്രംപിന്‍റെ ഭീഷണി അമേരിക്കയുടെ നയതന്ത്ര വിശ്വാസ്യതയെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡെന്മാർക്ക് അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയാണ്. സ്വന്തം സഖ്യകക്ഷിക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് ബോൾട്ടൺ പറഞ്ഞു.

ട്രംപിന്‍റെ ഇത്തരം പ്രസ്താവനകൾ അമേരിക്കൻ വിദേശനയത്തിന് വലിയ ആഘാതമുണ്ടാക്കും. ഇത് അമേരിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ തകരാറിലാക്കുന്ന ഒരു നയതന്ത്ര ദുരന്തം ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് 16 സൈനിക താവളങ്ങൾ ഗ്രീൻലാൻഡിൽ അമേരിക്ക പരിപാലിച്ചിരുന്നു. 1951-ലെ പ്രതിരോധ കരാർ പ്രകാരം നിലവിൽ തന്നെ അമേരിക്കയ്ക്ക് അവിടെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നിരിക്കെ, എന്തിനാണ് പുതിയൊരു ഏറ്റുമുട്ടലിന് വഴിമരുന്നിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന ആശയം 2018-ൽ തന്നെ ട്രംപ് തന്‍റെ മുന്നിൽ അവതരിപ്പിച്ചിരുന്നുവെന്നും ബോൾട്ടൺ വെളിപ്പെടുത്തി. ഗ്രീൻലാൻഡിലെ ജനങ്ങളെയും സഖ്യകക്ഷിയായ ഡെന്മാർക്കിനെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ട്രംപിന്‍റെ സംസാരം അമേരിക്കയുടെ അന്തസ്സിന് ചേർന്നതല്ലെന്നാണ് ബോൾട്ടന്‍റെ പക്ഷം. ട്രംപിന്‍റെ ഈ കടുത്ത നിലപാട് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share Email
LATEST
More Articles
Top