ഭരണകൂട സമ്മർദം താങ്ങാനാവുന്നില്ല; റെനി ഗുഡ് കേസ് അന്വേഷിച്ചിരുന്ന എഫ്ബിഐ ഏജന്‍റ് രാജിവെച്ചു, രാജ്യമാകെ പ്രതിഷേധം

ഭരണകൂട സമ്മർദം താങ്ങാനാവുന്നില്ല; റെനി ഗുഡ് കേസ് അന്വേഷിച്ചിരുന്ന എഫ്ബിഐ ഏജന്‍റ് രാജിവെച്ചു, രാജ്യമാകെ പ്രതിഷേധം

മിനസോട്ട: മിനസോട്ടയിലെ മിനിയാപൊളിസിൽ ഐസ് ഉദ്യോഗസ്ഥൻ റെനി ഗുഡ് എന്ന യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന എഫ്ബിഐ ഏജന്റ് ട്രേസി മെർഗൻ രാജിവെച്ചു. ഈ കേസിനെ ഒരു സിവിൽ റൈറ്റ്സ് ലംഘനമായി അന്വേഷിക്കാൻ തുടങ്ങിയ മെർഗനെ, അത് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണമായി പുനഃക്രമീകരിക്കാൻ ഭരണകൂടം നിർബന്ധിച്ചതിനെത്തുടർന്നാണ് രാജി. റെനി ഗുഡ് കൊല്ലപ്പെട്ട ഉടൻ തന്നെ ട്രേസി മെർഗന്റെ നേതൃത്വത്തിലുള്ള സംഘം ഇതൊരു മനുഷ്യാവകാശ ലംഘനമാണോ എന്ന രീതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ വാഷിംഗ്ടണിലെ എഫ്ബിഐ നേതൃത്വം ഈ അന്വേഷണം അവസാനിപ്പിക്കാൻ മെർഗന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മിനസോട്ടയിലെ പ്രധാന അന്വേഷണ ഏജൻസിയായ ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷനെ ഈ കേസിൽ നിന്ന് എഫ്ബിഐ വിലക്കി. സാധാരണയായി ഇത്തരം വെടിവെപ്പുകളിൽ പ്രാദേശിക ഏജൻസികളുമായി സഹകരിച്ചാണ് അന്വേഷണം നടക്കാറുള്ളത്. ഈ കേസിലെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് മിനസോട്ടയിലെ ആറ് പ്രമുഖ ഫെഡറൽ പ്രോസിക്യൂട്ടർമാർ നേരത്തെ തന്നെ രാജിവെച്ചിരുന്നു.

ട്രേസി മെർഗന്റെ രാജി ഒറ്റപ്പെട്ട സംഭവമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടം എഫ്ബിഐയിൽ വ്യാപകമായ ഉദ്യോഗസ്ഥ മാറ്റങ്ങൾ നടത്തിവരികയാണ്. എഫ്ബിഐയുടെ ആഭ്യന്തര മെസേജിംഗ് സംവിധാനങ്ങൾ പരിശോധിക്കുകയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പത്ത് വർഷം മുൻപ് വരെ നടത്തിയ പരാമർശങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ നെഗറ്റീവ് കമന്റുകൾ നടത്തിയ ഉദ്യോഗസ്ഥരെ നിർബന്ധപൂർവ്വം രാജിവെപ്പിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നതായാണ് വിവരം. ഇതിനോടകം തന്നെ നിരവധി പരിചയസമ്പന്നരായ ഏജന്റുമാർക്ക് ജോലി നഷ്ടമായിട്ടുണ്ട്.

Share Email
LATEST
More Articles
Top