വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ബ്യൂറോയുടെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി 22 വർഷത്തെ പ്രവർത്തനപരിചയമുള്ള ക്രിസ്റ്റഫർ റയയെ നിയമിച്ചു. വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കുമൊടുവിൽ സ്ഥാനമൊഴിഞ്ഞ ഡാൻ ബോംഗിനോയ്ക്ക് പകരക്കാരനായാണ് റയ എത്തുന്നത്. എഫ്ബിഐയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രീയ നിയമനങ്ങൾക്ക് പകരം ഒരു ‘കരിയർ ഏജന്റിനെ’ തന്നെ കൊണ്ടുവന്നതിലൂടെ പഴയ പാരമ്പര്യം വീണ്ടെടുത്തിരിക്കുകയാണ് എഫ്ബിഐ.
എഫ്ബിഐയുടെ ന്യൂയോർക്ക് ഫീൽഡ് ഓഫീസ് മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു ക്രിസ്റ്റഫർ റയ. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, വിദേശ രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിൽ അതീവ നൈപുണ്യമുള്ള ഇദ്ദേഹത്തിന്റെ നിയമനം ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കിടയിൽ ആശ്വാസം നൽകിയിട്ടുണ്ട്. ജനുവരി 12 തിങ്കളാഴ്ച മുതൽ അദ്ദേഹം ചുമതലയേൽക്കും.
മുൻ രഹസ്യസേവന വിഭാഗം ഉദ്യോഗസ്ഥനും പ്രമുഖ പോഡ്കാസ്റ്ററുമായ ഡാൻ ബോംഗിനോ കഴിഞ്ഞ ആഴ്ചയാണ് എഫ്ബിഐയിൽ നിന്ന് വിരമിച്ചത്. ഒരു വർഷം തികയ്ക്കുന്നതിന് മുൻപേയുള്ള ഇദ്ദേഹത്തിന്റെ പടിയിറക്കത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ജോലിയിലെ കടുത്ത സമ്മർദ്ദവും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാത്തതും അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു.
അറ്റോർണി ജനറൽ പാം ബോണ്ടിയുമായി ജെഫ്രി എപ്‌സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ബോംഗിനോയുടെ രാജിക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ശൈലി എഫ്ബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നതായും സൂചനയുണ്ട്. അറ്റോർണി ജനറൽ പാം ബോണ്ടി നിയമിച്ച ആൻഡ്രൂ ബെയ്‌ലിക്കൊപ്പം ‘കോ-ഡെപ്യൂട്ടി ഡയറക്ടറായി’ റയ പ്രവർത്തിക്കും. എഫ്ബിഐയുടെ ദൈനംദിന മാനേജ്‌മെന്റ് ചുമതലകൾ ഇനി മുതൽ റയയ്ക്കായിരിക്കും.












