വട്ടിയൂർക്കാവിൽ പ്രശാന്ത് – ശ്രീലേഖ പോര് മുറുകുന്നു, എംഎൽഎയുടെ ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് വച്ച് വീഡിയോയുമായി ശ്രീലേഖ

വട്ടിയൂർക്കാവിൽ പ്രശാന്ത് – ശ്രീലേഖ പോര് മുറുകുന്നു, എംഎൽഎയുടെ ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് വച്ച് വീഡിയോയുമായി ശ്രീലേഖ

തിരുവനന്തപുരം വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള ഓഫീസ് തർക്കം പരസ്യമായ പോരിലേക്ക്. എംഎൽഎ ഓഫീസിൽ അതിക്രമിച്ചു കയറി എന്ന പരാതിക്ക് പിന്നാലെ, ഓഫീസിലെ എംഎൽഎയുടെ ബോർഡിന് മുകളിൽ തന്റെ പേരുള്ള ബോർഡ് സ്ഥാപിച്ച് മുൻ ഡിജിപി കൂടിയായ ശ്രീലേഖ മറുപടി നൽകി. തന്നെ ‘ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട’ എന്ന വെല്ലുവിളിയോടെയാണ് ശ്രീലേഖ പുതിയ ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ എംഎൽഎ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും അവിടം കൗൺസിലർ ഓഫീസാക്കണമെന്നുമാണ് ശ്രീലേഖയുടെ ആവശ്യം. എന്നാൽ തനിക്ക് 2026 വരെ കൃത്യമായ കരാറുണ്ടെന്നും നഗരസഭയുടെ ഔദ്യോഗിക അറിയിപ്പില്ലാതെ മാറില്ലെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി. നിലവിൽ എംഎൽഎയുടെ ബോർഡ് മറച്ചുകൊണ്ട് ‘കൗൺസിലർ ശാസ്തമംഗലം വാർഡ്’ എന്ന ബോർഡ് സ്ഥാപിച്ച ശ്രീലേഖയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഇടതുമുന്നണി ആരോപിച്ചു.

ശുചിമുറിക്ക് സമീപമുള്ള ഇടുങ്ങിയ മുറിയിലാണ് തനിക്ക് ഓഫീസ് അനുവദിച്ചതെന്നും ഇത് വിവേചനമാണെന്നും ശ്രീലേഖ പരാതിപ്പെടുന്നു. അതേസമയം, എംഎൽഎയുടെ ഓഫീസിനെതിരെയുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. നഗരസഭ ഭരിക്കുന്ന ബിജെപിയും എംഎൽഎയും തമ്മിലുള്ള ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായി.

Share Email
LATEST
More Articles
Top