കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു മെഡിക്കൽ എമർജൻസിയെത്തുടർന്ന് ബഹിരാകാശ ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ഒരു സഞ്ചാരിയുൾപ്പെടെ നാലംഗ ‘ക്രൂ-11’ സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.11-ഓടെ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് ഇവരുടെ പേടകം സ്പ്ലാഷ് ഡൗൺ നടത്തിയത്.
അപ്രതീക്ഷിത മടക്കം
കഴിഞ്ഞ ഓഗസ്റ്റിൽ ബഹിരാകാശ നിലയത്തിലെത്തിയ സംഘം ഫെബ്രുവരിയിൽ മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സംഘത്തിലെ ഒരു നാസ സഞ്ചാരിക്ക് ഗൗരവകരമായ ആരോഗ്യപ്രശ്നം നേരിട്ടതോടെ ദൗത്യം ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. രോഗബാധിതനായ സഞ്ചാരിയുടെ സ്വകാര്യത മാനിച്ച് പേരോ മറ്റ് വിവരങ്ങളോ നാസ പുറത്തുവിട്ടിട്ടില്ല. എങ്കിലും സഞ്ചാരിയുടെ നില തൃപ്തികരമാണെന്നും ഭൂമിയിലെ മികച്ച ചികിത്സ ഉറപ്പാക്കാനാണ് നേരത്തെ എത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
പത്തര മണിക്കൂർ നീണ്ട മുൾമുനയാത്ര
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് സംഘം മടങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം ഏകദേശം പത്തര മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് സംഘം കടലിൽ ഇറങ്ങിയത്. നാസയുടെ സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജപ്പാൻ സഞ്ചാരി കിമിയ യുയി, റഷ്യൻ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
നിലയത്തിൽ ഇനി മൂന്നുപേർ
ക്രൂ-11 മടങ്ങിയതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറഞ്ഞു. നിലവിൽ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് അവിടെ അവശേഷിക്കുന്നത്. ഫെബ്രുവരിയിൽ അടുത്ത സംഘം (ക്രൂ-12) എത്തുന്നതുവരെ നിലയത്തിന്റെ പൂർണ്ണ ചുമതല ഇവർക്കായിരിക്കും. ബഹിരാകാശ യാത്രികരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ നാസ എപ്പോഴും സജ്ജമാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.











