ദോഹ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടെ അമേരിക്ക സൈനിക ഇടപെടലിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ തീവ്രമായ രഹസ്യ നയതന്ത്ര ശ്രമങ്ങൾ തുടരുന്നു. സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ പ്രധാനമായും ട്രംപ് ഭരണകൂടത്തെ സൈനിക നടപടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ അണിയറയിൽ സജീവമായി പ്രവർത്തിക്കുന്നു. ഇറാനെതിരായ ഏതെങ്കിലും സൈനിക നീക്കം മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് ഈ രാജ്യങ്ങൾ അമേരിക്കയോട് ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകാരികൾക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ‘സഹായം ഉടൻ ലഭ്യമാകും’ എന്ന ഭീഷണി മുഴക്കുകയും ചെയ്തത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ഗൾഫ് രാജ്യങ്ങൾ വിലയിരുത്തുന്നത്, അമേരിക്കൻ ആക്രമണം നടന്നാൽ അത് ഇറാനിലെ പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്തുകയും ഇറാനിയൻ ജനതയെ ഭരണകൂടത്തിന് പിന്നിൽ ഒന്നിച്ചു നിർത്താൻ മാത്രമേ സഹായിക്കൂ എന്നാണ്.
ഇറാൻ ഇതിനകം തന്നെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധസാധ്യത ഉണ്ടായാൽ എണ്ണവില കുത്തനെ ഉയരുകയും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്ക സൗദി അറേബ്യയെയും ഖത്തറിനെയും ഏറെ അലട്ടുന്നു. കാലങ്ങളായി അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത നടത്തുന്ന ഒമാൻ ഇരുപക്ഷത്തെയും ചർച്ചയ്ക്ക് തയ്യാറാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. അമേരിക്ക സൈനിക നടപടിക്ക് ഇറങ്ങിയാൽ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഇതിനകം സൂചന നൽകിയതായി അറിയുന്നു. പശ്ചിമേഷ്യ ഒരു വലിയ സംഘർഷത്തിലേക്ക് വഴുതാതിരിക്കാൻ ഈ രഹസ്യ നയതന്ത്ര ശ്രമങ്ങൾ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.











