എച്ച്-1ബി വിസയിൽ കനത്ത പ്രഹരം, സ്ലോട്ടുകൾ 2027 പകുതിയോടെ മാത്രമേ ലഭ്യമാകൂ എന്ന് റിപ്പോർട്ട്; നാട്ടിലെത്തിയ ഇന്ത്യൻ പ്രൊഫഷണലുകളടക്കം പ്രതിസന്ധിയിലാകും

എച്ച്-1ബി വിസയിൽ കനത്ത പ്രഹരം, സ്ലോട്ടുകൾ 2027 പകുതിയോടെ മാത്രമേ ലഭ്യമാകൂ എന്ന് റിപ്പോർട്ട്; നാട്ടിലെത്തിയ ഇന്ത്യൻ പ്രൊഫഷണലുകളടക്കം പ്രതിസന്ധിയിലാകും

അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും നിലവിൽ യുഎസിൽ ജോലി ചെയ്യുന്നവർക്കും കനത്ത പ്രഹരമായി വിസ അഭിമുഖത്തിനുള്ള വൻ തിരക്ക്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വിസ സ്റ്റാമ്പിംഗിനായുള്ള അടുത്ത ഒഴിവുകൾ 2027 പകുതിയോടെ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കണമെന്ന പുതിയ നിബന്ധനയും കടുത്ത നിയന്ത്രണങ്ങളും വിസ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ ഇപ്പോൾ റെഗുലർ അപ്പോയിന്റ്മെന്റുകൾ ലഭ്യമല്ല. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അഭിമുഖം നിശ്ചയിച്ചിരുന്ന പലർക്കും തീയതി 2027 ഏപ്രിൽ-മെയ് മാസങ്ങളിലേക്ക് മാറ്റിയതായി ഇമെയിൽ സന്ദേശം ലഭിച്ചു കഴിഞ്ഞു. ട്രംപ് ഭരണകൂടത്തിന് കീഴിൽ വിസാ പോളിസികൾ കർശനമാക്കിയതും വിദേശങ്ങളിൽ പോയി വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി നിർത്തലാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

വിസ സ്റ്റാമ്പിംഗിനായി നാട്ടിലെത്തിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ ഇപ്പോൾ തിരിച്ചുപോകാനാവാതെ നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുംബങ്ങൾ അമേരിക്കയിലും ഉദ്യോഗാർത്ഥികൾ നാട്ടിലുമായിപ്പോയ സാഹചര്യം പലരെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു. ഐടി മേഖലയിലെ വിദഗ്ധർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഈ നീണ്ട കാത്തിരിപ്പ് ഉയർത്തുന്നുണ്ട്. ചില കമ്പനികൾ താൽക്കാലികമായി വർക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രായോഗികമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ ഈ അനിശ്ചിതത്വം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളിലല്ലാതെ എച്ച്-1ബി വിസ സ്റ്റാമ്പിംഗിനായി ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ ഉപദേശിക്കുന്നു. വിസ നൽകുന്നതിനേക്കാൾ നിരസിക്കുന്നതിലാണ് പുതിയ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. അമേരിക്കയിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ ഒഴുക്കിനെ ഈ പുതിയ പ്രതിസന്ധി ബാധിക്കുമെന്നും ഇത് അൾട്ടിമേറ്റായി യുഎസ് സമ്പദ്‌വ്യവസ്ഥയെപ്പോലും ദോഷകരമായി ബാധിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

Share Email
LATEST
More Articles
Top