പ്രിയപ്പെട്ട ഏവര്‍ക്കും സ്‌നേഹാതുരമായ നവവല്‍സരാശംസകള്‍…

പ്രിയപ്പെട്ട ഏവര്‍ക്കും സ്‌നേഹാതുരമായ നവവല്‍സരാശംസകള്‍…

ഓര്‍മയുടെ പിന്നിലേയ്ക്ക് മറയുന്ന ‘2025’ നമുക്ക് നല്‍കിയത് സമ്മിശ്രമായ അനുഭവങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഏതൊരു പുതുവര്‍ഷത്തെയും പുത്തന്‍ പ്രതീക്ഷയോടെയാണ് ജനം വരവേല്‍ക്കുന്നത്. ജീവിത വ്യാപാരത്തിന്റെ ഗുണനവും ഹരണവും കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍ കിട്ടുന്ന മിച്ചത്തിന്റെ സമ്പത്തുമായി മാത്രമായിരിക്കും നമ്മള്‍ 2026-ലേക്ക് പ്രവേശിക്കുക. പോയ വര്‍ഷം നമുക്ക് എന്തു നല്‍കി എന്ന ചോദ്യത്തെക്കാള്‍ വരും വര്‍ഷം നമ്മള്‍ എന്തായിരിക്കണം എന്ന ഉത്തരത്തിലേക്കാണ് ഇനിയുള്ള കാല്‍വയ്പുകള്‍. ഓരോ വര്‍ഷം അവസാനിക്കുമ്പോഴും, പുതിയൊരു വര്‍ഷം തുടങ്ങുന്നതിന്റെ സന്തോഷം എല്ലാവരിലുമുണ്ടാകും. ഇത് പഴയതിനെ വിസ്മരിച്ച് പുതിയ പ്രതീക്ഷകളോടെ മുന്നോട്ട് പോകാനുള്ള മികച്ച അവസരമാണ്.

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഒന്നിനാണ് പൊതുവെ പുതുവര്‍ഷം ആഘോഷിക്കുന്നത്. പല രാജ്യങ്ങളിലും വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ഇതിന് അതാതു സമൂഹത്തിന്റേതായ പ്രാധാന്യമുണ്ട്. ലോകമെമ്പാടുമുള്ളവര്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിലൂടെ, പുതുവര്‍ഷപ്പുലരി ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്ന കാലമാണിത്. പുതുവര്‍ഷം എന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ നേടിയതും നഷ്ടപ്പെട്ടതുമെല്ലാം ഓര്‍ക്കുന്നു.

പോയ വര്‍ഷത്തെ നല്ലതും ചീത്തയുമായ അനുഭവങ്ങളെ ഓര്‍ക്കുകയും, സ്വയം വിമര്‍ശനത്തിലൂടെ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും സ്വയം നവീകരിക്കപ്പെടാനുള്ള തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുക, പുതിയ കഴിവുകള്‍ നേടുക, മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയ പ്രതിജ്ഞകള്‍ എടുക്കേണ്ടതുണ്ട്. കാരണം നവവര്‍ഷം പുതിയ അവസരങ്ങളും സാധ്യതകളുമാണ് നല്‍കുന്നത്. ഇത് തീര്‍ച്ചയായും വ്യക്തിഗത വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട ജീവിതത്തിനും ആരോഗ്യകരമായ മല്‍സരത്തിനും വേണ്ടിയുള്ള പ്രചോദനമാണ്.

പുതുവര്‍ഷം എന്നത് കലണ്ടര്‍ കണക്കിലെ കേവലമായ ഒരു മാറ്റമല്ല, അത് നമ്മുടെ ജീവിതത്തിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാണ്. കഴിഞ്ഞുപോയ വര്‍ഷത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, വരാനിരിക്കുന്ന വര്‍ഷം കൂടുതല്‍ ഉന്മേഷത്തോടെയും പോസിറ്റീവ് ചിന്തകളോടെയും സ്വീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന സമയം കൂടിയാണിത്. പുതുവത്സര ദിനം ഒരു ആഘോഷം മാത്രമല്ല, അതൊരു പുതിയ തുടക്കമാണ്. ജീവിത യാത്ര ഇവിടെ അവസാനിക്കുന്നില്ല. സ്വപ്നങ്ങളും സുഖവും ദുഖവും പേറിക്കൊണ്ടുള്ള നടപ്പ് തുടരും. ആ സഞ്ചാര തുടര്‍ച്ചയുടെ ബലവത്തായ കണ്ണികളാവാന്‍ ആഗ്രഹിക്കുക, പരിശ്രമിക്കുക. പോരാട്ടം തുടരുക.

ദുഖങ്ങളും പരിഭവങ്ങളും മറന്ന് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു കാലത്തിനെ വരവേല്‍ക്കാന്‍ മാനവരാശി ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം നമുക്ക് പല നല്ല അനുഭവങ്ങളും വെല്ലുവിളികളും തന്നു. അതില്‍ നിന്ന് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ആത്മവിചിന്തനം നടത്തുകയും ചെയ്തു. നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാനും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും നമുക്ക് സാധിച്ചു.

പുതിയ വര്‍ഷം വര്‍ഷം നമുക്ക് കൂടുതല്‍ ആരോഗ്യത്തോടെയും, കൂടുതല്‍ സ്‌നേഹത്തോടെയും ജീവിക്കാം. പുതിയ കാര്യങ്ങള്‍ പഠിക്കാനും, നമ്മുടെ ലക്ഷ്യങ്ങളിലേക്ക് അടുക്കാനും ശ്രമിക്കാം. നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പുതുവര്‍ഷം ഒരു നല്ല തുടക്കമാകട്ടെ. ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ഐശ്വര്യവും, വിജയവും, സംതൃപ്തിയും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

‘നേര്‍ക്കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുതു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ, ഉറവവറ്റാത്ത സ്‌നേഹത്തിന്റെ, മനക്കരുത്തിന്റെ അതിസന്തോഷ സമ്പന്നമായ പുതുവര്‍ഷ ആശംസകള്‍…

”ഹാപ്പി ന്യൂ ഇയര്‍…”

Happy New Year dear readers and well wishers of NERKAZHCHA

Share Email
LATEST
More Articles
Top